തിരുവനന്തപുരം : കഴിഞ്ഞ ഒരാഴ്ച്ചയായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ വെള്ളുടുമ്പൻ എന്നറിയപ്പെടുന്ന തിമിംഗല സ്രാവുക തീരത്തേക്ക് അടുക്കുന്നു. ശനിയാഴ്‌ച രാവിലെയും ഇത്തരത്തിലുള്ള സ്രാവ് തീരത്ത് എത്തിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കോവളം സമുദ്ര ബീച്ചിന് സമീപം എത്തിയ സ്രാവ് തിരയടിച്ച് മറിഞ്ഞതോടെ തിരുവല്ലം എസ്ഐ ഗോപകുമാറിനെ വിവരമറിയിക്കുകയായിരുന്നു നാട്ടുകാർ.
പൊലീസ് എത്തിയ ശേഷം വൈൽഡ് ലൈഫ് ട്രസ്റ്റിൻ്റെ ഫിൽഡ് ഓഫിസർ അജിത് ശംഖുമുഖത്തിനെ വിവരമറിയിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സ്രാവിനെ കയറുപയോഗിച്ച് കടലിലേക്ക് അയക്കുകയായിരുന്നു. എകദേശം ഒരു മണിക്കുറോളം നടത്തിയ ശ്രമത്തിലാണ് സ്രാവിനെ രക്ഷപ്പെടുത്തിയത്. വെട്ടുകാട്, തുമ്പ, വലിയ തുറ എന്നിവിടങ്ങളിലായി ആറിലധികം സ്രാവുകൾ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇവയെ വല മുറിച്ച് കടലിലേക്ക് തിരികെ വിട്ടിരുന്നു.