ഇടുക്കി : പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്.
ഇതില്‍ വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും. ഉരുള്‍പൊട്ടലുണ്ടായ മേഖലയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി (മാനന്തവാടി താലൂക്ക്), കിടങ്ങനാട്, നൂല്‍പ്പുഴ (സുല്‍ത്താന്‍ ബത്തേരി താലൂക്ക്), അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിവയും പട്ടികയിലുണ്ട്.
കോതമംഗലം താലൂക്കിലെ കുട്ടംപുഴ വില്ലേജ്, ദേവികുളം താലൂക്കിലെ 14 വില്ലേജുകള്‍, ഇടുക്കി താലൂക്കിലെ 9 വില്ലേജുകള്‍, പീരുമേട് താലൂക്കിലെ 8 വില്ലേജുകള്‍, തൊടുപുഴ താലൂക്കിലെ 2 വില്ലേജുകള്‍, ഉടുമ്പന്‍ചോല താലൂക്കിലെ 18 വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ 2 വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ ഒരു വില്ലേജ്, പത്തനാപുരം താലൂക്കിലെ രണ്ടുവില്ലേജുകള്‍, പുനലൂര്‍ താലൂക്കിലെ 6 വില്ലേജുകള്‍ എന്നിവയും പരിസ്ഥിതിലോല പട്ടികയിലുണ്ട്.
6 സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക. ഇതിനുമുന്നോടിയായാണ് ആറാം തവണയും കരട് വിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവയ്ക്ക് സമ്പൂര്‍ണ നിരോധനമുണ്ടായിരിക്കും.