തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഇന്ന് (ജൂണ്‍ 6) ഓറഞ്ച് അലർട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
കാലവർഷം എത്തിയ സാഹചര്യത്തില്‍ ജൂൺ 10 വരെ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ നാളെ (ജൂണ്‍ 7) കോട്ടയം ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലർട്ടാണുള്ളത്. ജൂൺ എട്ടിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 9ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ 7 മുതൽ 11 സെന്‍റിമീറ്റർ വരെ മഴ ലഭിക്കും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. സമുദ്രോപരിതലത്തിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് വീശാനും സാധ്യത. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
Also Read: സംസ്ഥാനത്ത് കാലവർഷമെത്തി ; മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് -