മാനന്തവാടി : ചാലിഗദ്ദയില്‍ 42 കാരന്‍ അജിയെ ശനിയാഴ്‌ച രാവിലെ ചവിട്ടിക്കൊന്ന ആനയെ ഇന്ന് മയക്കുവെടി വയ്‌ക്കാനിടയില്ല. ആന നിലവില്‍ ചാലിഗദ്ദയ്ക്ക് സമീപപ്രദേശത്തെ കുന്നിന്‍ മുകളില്‍ തന്നെ തുടരുകയാണെന്നാണ് ലഭ്യമായ വിവരം. ആനയെ വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കോയമ്പത്തൂരില്‍ നിന്നുമെത്തിച്ച ആന്‍റിനയും, ട്രാക്കറും ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്.
നേരം ഇരുട്ടിയതോടെയാണ് മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ശ്രമം ഉപേക്ഷിച്ചത്. ആനയെ പിടികൂടാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളില്‍ വിക്രം, സൂര്യ എന്നിവ സ്ഥലത്തെത്തി. ഭരത്, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകള്‍ നാളെയെത്തും. ആനയെ മയക്കുവെടിവച്ച് പിടികൂടിയ ശേഷം മുത്തങ്ങയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് ജില്ല കലക്ടര്‍ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞത്.
കര്‍ണാടകയില്‍ നിന്ന് നേരത്തെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ വിട്ട ബേലൂര്‍ മേഖ്‌ന എന്ന ആനയാണ് അജിയെ കൊലപ്പെടുത്തിയത്. നവംബര്‍ 30-ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്ന് പിടികൂടിയ ആനയാണിത്.