വയനാട് : ഒരാഴ്‌ചയ്ക്കിടെ രണ്ട് പേരുടെ ജീവനാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ നഷ്‌ടമായത്. 10 വർഷത്തിനിടെ 43 പേരെയാണ് കാട്ടാനകൾ കൊലപ്പെടുത്തിയതെന്നും കണക്കുകൾ. അതേസമയം ഇന്നലെ (16.02.24) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചതോടെ ജനരോഷം അതിരുകടന്നു (Wayanad wild elephant attack death protest).
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ (ഫെബ്രുവരി 16) രാത്രി തന്നെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. ആശ്രിതർക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മൃതദേഹവുമായി നാട്ടുകാര്‍ പുല്‍പ്പള്ളിയില്‍ പ്രതിഷേധിച്ചത്. അതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയ ജീപ്പ് നാട്ടുകാർ തകർത്തു. ജീപ്പിന്‍റെ ടയറിന്‍റെ കാറ്റ് അഴിച്ചുവിട്ടും റൂഫ് വലിച്ചുകീറിയുമാണ് പ്രതിഷേധം തുടർന്നത്. വനംവകുപ്പ് ജീവനക്കാർക്കെതിരെയും പ്രതിഷേധമുണ്ട്.
അതിനിടെ മാനന്തവാടി പടമലയിൽ കർഷകനായ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ മോഴയാനയെ പിടിക്കാനുള്ള ദൗത്യം ഇന്ന് ഏഴാം ദിവസത്തിലാണ് (Wild animal attack deaths Wayanad). കഴിഞ്ഞയാഴ്‌ച ഇതേ ദിവസമാണ് ബേലൂർ മഖ്‌ന അജീഷിന്‍റെ ജീവനെടുത്തത്. കാടിളക്കി തെരഞ്ഞിട്ടും മയക്കുവെടിക്ക് ഉചിതമായ സാഹചര്യം കിട്ടുന്നില്ലന്നാണ് ദൗത്യസംഘം പറയുന്നത്.
ഇതിനോടകം 120 മണിക്കൂറിലധികമാണ് മോഴയാനയെ പിടികൂടാൻ വനംവകുപ്പ് ശ്രമം നടത്തിയത്. ആനയെ മയക്കുവെടി വയ്‌ക്കാൻ കഴിയാത്തതിൽ നാട്ടുകാര്‍ അതൃപ്‌തിയിലാണ്. ഇന്നലെ പനവല്ലി എമ്മടി കുന്നുകളിൽ തമ്പടിച്ച മോഴയാന വൈകിട്ട് മാത്രമാണ് കുന്നിറങ്ങിയത്. രാവിലെ റേഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ തെരച്ചിലും വെറ്ററിനറി ടീമിന്‍റെ കാട് കയറ്റവുമെന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.
ഹർത്താല്‍ തുടരുന്നു: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്‌ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുകയാണ് (Wayanad Wild elephant attack hartal). 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. ഇന്ന് (17.02.24) രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട് (Protest against forest department at Wayanad).