തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണല്‍ ഉടൻ ആരംഭിക്കും. ഇന്ന് രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. രാവിലെ 8.30യോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. 10 മണിയോടെ വിജയി ആരെന്നറിയാം. ഇടിവി ഭാരതിലൂടെ തത്സമയ ഫലം അറിയാനാകും.
വയനാട്ടില്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലധികം ഭൂരിപക്ഷമുണ്ടാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. എന്നാല്‍, കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ വോട്ട് പിടിക്കാനാകുമെന്നും നിലമെച്ചപ്പെടുത്താനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് വയനാട്ടിലെ എല്‍ഡിഎഫ് എൻഡിഎ മുന്നണികള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉപതെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടന്ന പാലക്കാട്ടെ ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്. ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. പോളിങ് കുറഞ്ഞെങ്കിലും രാഹുല്‍ മാങ്കൂട്ടത്തലിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍, ഇത്തവണ നിയമസഭയിലേക്ക് പാലക്കാട് നിന്നും പ്രതിനിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്നും പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ അട്ടിമറി ഉണ്ടാകുമെന്നും സരിനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്. സരിന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ചില കോണ്‍ഗ്രസ് വോട്ടുകളും പെട്ടിയിലായെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.
അതേസമയം, ചേലക്കര നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. രമ്യ ഹരിദാസ് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ കെ രാധാകൃഷ്‌ണൻ നേടിയ അത്ര ഭൂരിപക്ഷം നേടാനാകില്ലെങ്കിലും മണ്ഡലത്തില്‍ ചെങ്കൊടി പാറുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നിലമെച്ചപ്പെടുത്തി വോട്ടിങ് ശതമാനത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്ന് എൻഡിഎയും പ്രതീക്ഷിക്കുന്നു.
Read Also: വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയില്‍ മുന്നണികള്‍