കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്‍റെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ ആശ്വാസമാകുന്ന ബെയ്‌ലി പാലത്തിൻ്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഉച്ചയോടെ സൈന്യം പാലത്തിലൂടെ ട്രയൽ റൺ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രാത്രിയിലും പാലം നിർമാണം തുടർന്നിരുന്നു.
കരസേനയിലെ എഞ്ചിനിയറിങ് ഗ്രൂപ്പിലെ 50ലധികം വരുന്ന വിദഗ്‌ധരാണ് പാലം നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നിര്‍മാണം പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാനാവും. ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ നിര്‍മാണം വൈകാൻ കാരണമാകുന്നത്. പുഴയിൽ പ്ലാറ്റ്‌ഫോം നിര്‍മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം.
വൈകാതെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമെ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷം വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവും. അതിനിടെ ബെയ്‌ലി പാലത്തിനൊപ്പം പുഴയിലൂടെ ഫൂട് ബ്രിഡ്‌ജ് നിർമിക്കാനും സൈന്യം ശ്രമം തുടങ്ങി. ബെയ്‌ലി പാലത്തിന് താഴെയായി പുഴയിലാണ് നടന്നുപോകാൻ കഴിയുന്ന പാലം കരസേന നിർമിക്കുന്നത്.
ഇന്നത്തെ രക്ഷ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. ഭൂമിയുടെ ആഴങ്ങൾ പരിശോധിക്കാൻ കഴിയുന്ന ഐ ബോഡ്, ലോങ് ബൂം എസ്‌കവേറ്റർ എന്നിവ എത്തിച്ചു. 15 ഹിറ്റാച്ചികളും പ്രവർത്തിക്കുന്നുണ്ട്. മുണ്ടക്കൈയുടെ മുകൾ ഭാഗമായ പുഞ്ചിരിവട്ടത്തേക്ക് പരിശോധന സംഘം കടക്കും. അതിന്‍റെ മുകളിലുള്ള വന മേഖലയിൽ നിന്ന് ഭൂമി കുത്തിയൊഴുകി വന്നത്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
ALSO READ: കൂട്ടക്കരച്ചിലിന്‍റേയും സങ്കടകാഴ്‌ചകളുടേയും ദിനരാത്രങ്ങള്‍; ദുരന്ത ഭൂമി അതീവ സങ്കീർണതയിലേക്ക്