കോഴിക്കോട്: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിന്‍റെ വ്യാപ്‌തി എത്രത്തോളമെന്ന് ഇനിയും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ചൂരൽ മലയുമായി ബന്ധം അറ്റുപോയ മുണ്ടക്കൈയിലുള്ളവരെ രാത്രിയിലും തെരഞ്ഞ് സൈന്യവും മറ്റ് രക്ഷാപ്രവർത്തകരും എത്തി. ഒറ്റപ്പെട്ടുപോയവരെ തേടി ആത്മധൈര്യത്തോടെ രക്ഷാപ്രവർത്തകർ പുഞ്ചിരിവട്ടം മല കയറി. അതിന്‍റെ കൊടുമുടിയിൽ നിന്നാണ് മല ഒഴുകി താഴോട്ട് വന്നത്.
ഒലിച്ചു പോയ മനുഷ്യർ പല ഭാഗത്തേക്ക് ഛിന്നഭിന്നമായി. അത് എത്ര പേർ എന്ന് തീർത്തും അറിയും വരെയെങ്കിലും ചൂരൽമല നമ്മളെ അലട്ടികൊണ്ടിരിക്കും. താഴെയുള്ള വീടുകളിൽ നിന്ന് രക്ഷ തേടി മറ്റ് വീടുകളിലേക്ക് പോയവർ അവിടെയും ദുരന്തത്തിൽപ്പെട്ടു.
20 പേരെ വരെ തേടി അലയുന്നവരുടെ സങ്കട കഥകൾക്ക് സാക്ഷിയാവുകയാണ് ഒരു നാട്. മലമുകളിൽ നിന്നും രക്ഷപ്പെട്ട് വന്നവരിൽ തങ്ങളുടെ ഉറ്റവരുണ്ടോ എന്നാണ് പലരും ഇപ്പോൾ തെരഞ്ഞു കൊണ്ടിരിക്കുന്നത്.
ചാലിയാറിലും പോത്ത് കല്ലിലും നിലമ്പൂർ വനത്തിലും അവരെ തേടി തെരച്ചിൽ തുടരും. അഞ്ച് കൊല്ലം മുമ്പ് പുത്തുമല പൊട്ടി ഒഴുകിയപ്പോൾ അഞ്ച് പേരാണ് ഭൂമിയോട് ചേർന്നത്. അതുപോലെ ഇവിടെ എത്ര പേർ.. ? നാട്ടുകാരുടെ ആശങ്ക അലുറയായി പുറത്ത് വരിയാണ്. ഈ കണ്ടതിനേക്കാൾ വലിയ ചിത്രം നാളെ തെളിയും. ആരും അനാഥമായി പോകല്ലേ എന്നാണ് കാത്തിരിക്കുന്നവരുടെ പ്രാർഥന.
Also Read: ദുരന്തങ്ങളൊഴിയാതെ...; കേരളത്തിലുണ്ടായ മാരകമായ ഉരുള്‍പൊട്ടലുകള്‍ ഇവയൊക്കെ