കാസർകോട്: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഗവൺമെൻ്റ് ഒരു പകപോക്കൽ നിലപാടാണ് കേരളത്തോട് കാണിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രം കേരളത്തെ അവഗണിച്ചെന്നും പിണറായി ചൂണ്ടിക്കാട്ടി.
'ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചു. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. കേരളവും രാജ്യത്തിന്‍റെ ഭാഗമാണ്. നീതി നിഷേധിക്കാൻ പാടില്ല' എന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്ന് വരണം. കോൺഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടുവെന്നും നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ഗാന്ധിയും പറയുന്നതെന്നും പിണറായി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വയനാട് ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം ഖേദകരമാണമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന തീർത്തും വസ്‌തുതാ വിരുദ്ധമാണെന്നും, അതില്‍ കേരളത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഗേറ്റ് വേ റിസോർട്ട് ഉദ്‌ഘാടനം ചെയ്‌തു
അതേസമയം, ബേക്കലിലെ 32 ഏക്കർ ഭൂമിയിൽ ടാറ്റ ഗ്രൂപ്പിന്‍റെ ഐഎച്ച്സിഎല്ലിന് കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഗേറ്റ് വേ റിസോർട്ട് മുഖ്യന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യൻ ഹോട്ടൽസ് കമ്പനീസ് ലിമിറ്റഡിന് കീഴിൽ ഗേറ്റ് വേ എന്ന പേരിൽ 151 മുറികളുള്ള പഞ്ച നക്ഷത്ര റിസോർട്ടാണ് ഉദ്‌ഘാടനം ചെയ്‌തത്. ഉദുമ പഞ്ചായത്തിൽ ബേക്കൽ പുഴക്കരയിലെ ഉപദ്വീപിൽ ബേക്കൽ റിസോട്‌സ് വികസന കോർപ്പറേഷൻ ഏറ്റെടുത്തു നൽകിയ ഭൂമിയിലാണ് പദ്ധതി.
സർക്കാർ –സ്വകാര്യ സംയുക്ത പദ്ധതി (പിപിപി) എന്ന നിലയിൽ 2007ൽ ജംഷഡ്‌പൂര്‍ കേന്ദ്രമായ ഗ്ലോബ് ലിങ്ക് ഹോട്ടലുമായാണ് ആദ്യം കരാറായത്. 2011 ൽ ഹോട്ടൽ നിർമാണം തുടങ്ങിയെങ്കിലും സിആർസെഡ് അടക്കമുള്ള ചട്ടങ്ങളിൽ പെട്ട് 2014 നിർമാണം സ്‌തംഭിച്ചു. നിക്ഷേപകരിലുണ്ടായ ആഗോള മാന്ദ്യവും കൊവിഡും പിന്നെയും പ്രതിസന്ധിയുണ്ടാക്കി. സംസ്ഥാന സർക്കാരും ബിആർഡിസിയും നടത്തിയ നിരന്തര ഇടപെടലിൽ ബെംഗളൂരു ആസ്ഥാനമായ ഗോപാലൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏറ്റെടുത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. അഞ്ഞൂറോളം പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുമെന്നും സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്യുന്നു.