കോഴിക്കോട്: ഉറ്റവരുടെ ചേതനയറ്റ ശരീരമെങ്കിലും ഒരു തവണ കാണാൻ കാത്തു നിൽക്കുന്നവരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ് വയനാട്ടിലെ ആശുപത്രികൾ. ഉരുൾപൊട്ടലിൽ കാണാതായവരെ കുറിച്ച് ആർക്കും കൃത്യമായ ധാരണയില്ല. ആശുപത്രിയിലേക്ക് എത്തുന്ന ഓരോ ആംബുലൻസിലും പ്രതീക്ഷയാണ്.
ആരാണ് അതിനുള്ളിൽ എന്നറിയാൻ ജനം വളയുകയാണ്. അവിടെയും നൂറുകണക്കിന് ആളുകൾ കാത്തിരിക്കുകയാണ്. അതിനിടയിലും ഉറ്റവരെ തേടി ആളുകൾ ദുരന്ത ഭൂമിയിലേക്ക് എത്തി. അവരെ ഒരുവിധത്തിലെല്ലാം സുരക്ഷ ഉദ്യോഗസ്ഥർ ആശ്വസിപ്പിച്ചു.
നേരം ഇരുട്ടി തുടങ്ങിയതോടെ പലരും മടങ്ങി. ആശങ്കയുടെ മണിക്കൂറുകളാണ്. പുറംനാടുമായി ബന്ധം നഷ്‌ടപ്പെട്ട് കുടുങ്ങിയവരെ തേടി രക്ഷാസംഘം എത്തിയതോടെ പ്രതീക്ഷ നിറഞ്ഞു. പ്രകൃതി കനിയണേ എന്ന പ്രാർത്ഥനയാണ് എങ്ങും.
കനത്ത മൂടല്‍മഞ്ഞിനിടയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വലിയ ലൈറ്റുകള്‍ അടക്കമുള്ളവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 300ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്ന റിസോര്‍ട്ടിലേക്ക് സൈന്യം നീങ്ങിയിട്ടുണ്ട്. ഹെലികോപ്‌ടര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ചൂരല്‍മലയില്‍ കുടുങ്ങിയവരെയാണ് രക്ഷിക്കുന്നത്. ഇതുവരെ 120 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം.
Also Read: വരും ദിവസങ്ങളിലും കനത്ത മഴ തുടരും; ആറ് നദികളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത നിർദേശവുമായി ഭരണകൂടം