വയനാട്: ദുരന്ത മേഖലയിലെ ഇരുന്നൂറിൽ അധികം പേരെ എനിയും കണ്ടെത്താനുണ്ട്. ഇതിനായി ദൗത്യസേനയുടെ തെരച്ചിലും നടക്കുകയാണ്. ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തെരച്ചിലിന് പരിശീലനം ലഭിച്ച നായ്‌ക്കളുടെ സേവനവും വിലമതിക്കാനാകാത്തതാണ്. ഡോഗ് സ്ക്വാഡുകൾ കൂടി എത്തിയപ്പോൾ തെരച്ചിൽ ഊർജിതമായി നടക്കുകയാണ്.
വിദഗ്‌ധ പരിശീലനം ലഭിച്ച തമിഴ്‌നാട് അഗ്നിരക്ഷ സേനയുടെ അഞ്ചു ഡോഗുകൾ അടക്കം കരസേന, പൊലീസ് എന്നിവയുടെ പരിശീലനം ലഭിച്ച 11 നായ്‌ക്കളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കർമരംഗത്തുള്ളത്. യന്ത്രങ്ങൾ എത്തിച്ചേരാൻ ദുഷ്‌കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലേക്കുമാണ് ശ്വാനസേനയുടെ സേവനം തെരച്ചിലിൻ്റെ ആറാം ദിവസം ഉപയോഗപ്പെടുത്തിയത്. പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങളിൽ ആണ് ഡോഗ് സ്ക്വാഡിൻ്റെ തെരച്ചിൽ.
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരി മൊട്ട എന്നീ സ്ഥലങ്ങളിൽ ശ്വാനസേനയുടെ സഹായത്താൽ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായിരുന്നു. പ്രതികൂലമായ കാലാവസ്ഥയെയും ദുർഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായ്‌ക്കൾക്കുണ്ട്. പരിശീലകരാണ് ദുരന്ത ഭൂമിയിൽ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്.
മൃതദേഹങ്ങൾ തെരയാനും അപകടത്തിൽ പരിക്കേറ്റവരെ കണ്ടെത്താനുമാണ് നായകളെ വിന്യസിച്ചിരിക്കുന്നത്. മുണ്ടക്കൈയിൽ നിന്നു മാത്രം ഇതുവരെ 15 ലധികം മൃതദേഹങ്ങളാണ് നായകളുടെ സഹായത്തോടെ കണ്ടെത്തിയത്. മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകൾ സൂചന നൽകുക. നായകൾ നൽകുന്ന സൂചനകൾ മനസിലാക്കുന്ന പരിശീലകർ നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. പല ദുരന്തങ്ങളിലും ഡോഗ് സ്‌ക്വാഡിന്‍റെ സേവനം നിർണായകമായിട്ടുണ്ട്.
Also Read: വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ 370 ആയി, ഇനി കണ്ടെത്താനുള്ളത് 206 പേരെ