വയനാട് : ആളറിയില്ല, പേരോ മതമോ ജാതിയോ അറിയില്ല, പലവഴിയായി ഒഴുകിയവര്‍ക്ക് ഒരുമണ്ണില്‍ ഒന്നിച്ച് അന്ത്യവിശ്രമം. പേരിനും മേല്‍വിലാസത്തിനും പകരമായി കുഴിമാടത്തിന് മുകളില്‍ അക്കങ്ങള്‍ രേഖപ്പെടുത്തിയ അടയാളക്കല്ല് മാത്രം. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ ജീവന്‍പൊലിഞ്ഞവര്‍ക്ക് പുത്തുമലയിലെ ഹാരിസണ്‍സ് മലയാളം പ്ലാന്‍റേഷന്‍റെ മണ്ണില്‍ സര്‍വമത പ്രാര്‍ഥനയോടെ അന്ത്യയാത്ര. ഇതോടെ രണ്ട് ദുരന്തങ്ങളുടെ സ്‌മാരകമായി പുത്തുമലയും.
വെള്ളത്തുണിയില്‍ പൊതിഞ്ഞ് പുത്തുമലയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചവരുടെ കൂട്ടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി നിരവധി പേര്‍ എത്തിയിരുന്നു. 27 മൃതദേഹങ്ങളുടെയും 154 ശരീര ഭാഗങ്ങളുടെയും സംസ്‌കാരമാണ് നടക്കുന്നത്. ഇതില്‍ 16 മൃതദേഹങ്ങള്‍ ഇതിനോടകം സംസ്‌കരിച്ച് കഴിഞ്ഞു.
മൃതദേഹങ്ങളില്‍ നിന്നെല്ലാം ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ സാമ്പിളിനെ അടിസ്ഥാനമാക്കിയാണ് കുഴിമാടത്തിന് മുകളിലെ അടയാളക്കല്ലില്‍ അക്കങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഡിഎന്‍എ പരിശോധനയ്‌ക്ക് ശേഷം പ്രിയപ്പെട്ടവര്‍ അന്വേഷിച്ചെത്തിയാല്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് അടയാളക്കല്ലിലെ ഈ അക്കങ്ങള്‍. 2019ല്‍ ഉരുളെടുത്ത പുത്തുമലയിലാണ് കൂട്ടക്കുഴിമാടം ഒരുക്കിയിരിക്കുന്നത്. അന്നത്തെ ദുരന്തത്തില്‍ കണ്ടെത്താന്‍ സാധിക്കാത്ത അഞ്ച് പേരും ഈ മണ്ണിലുണ്ട്.