തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ലഭിച്ച മനുഷ്യശരീരങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാന്‍ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന ആരംഭിച്ചുവെന്ന് ആരോഗ്യ വകുപ്പ്. ദുരന്തമേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ നേരത്തെ ശേഖരിച്ചിരുന്നു.
അടുത്തഘട്ടമായാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ രക്തസാമ്പിൾ പരിശോധന ആരംഭിച്ചത്. വയനാട് ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനുജ മെറിന്‍ ജോയിയുടെ നേതൃത്വത്തിലാണ് രക്‌തസാമ്പിൾ ശേഖരണം. മേപ്പാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമായാണ് രക്‌തസാമ്പിൾ ശേഖരണം ആരംഭിച്ചത്.
ഇന്ന് (ഓഗസ്റ്റ് 04) മുതല്‍ മേപ്പാടി എംഎസ്എ ഹാളിലും രക്തസാമ്പിള്‍ ശേഖരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദുരന്തത്തിന് ശേഷം നിരവധിയിടങ്ങളില്‍ നിന്നാണ് മനുഷ്യാവയവങ്ങള്‍ ലഭിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്ത മനുഷ്യാവയവങ്ങളുടെ ഡിഎന്‍എ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ രക്തപരിശോധനയ്ക്ക് തയ്യാറായുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നൽകിയ ശേഷമാകും സാമ്പിള്‍ ശേഖരണം. തുടര്‍ന്ന് ഡിഎന്‍എകളും ശേഖരിക്കുന്ന രക്‌ത സാമ്പിളുമായി പൊരുത്തം പരിശോധിക്കുമെന്നാണ് വിവരം.
Also Read: ദുരന്തത്തിന്‍റെ ആറാം ദിനം; ചാലിയാറിൽ ഇന്നും വ്യാപക തെരച്ചിൽ