കോഴിക്കോട്: ദുരന്തഭൂമിയിലെ ആഴത്തിലുള്ള തെരച്ചിലിനായി സൈന്യം അത്യാധുനിക റഡാറുകൾ എത്തിക്കുന്നു. നോർത്തേൺ കമാൻഡിൽ നിന്നുള്ള ഒരു സേവർ റഡാറും ഡൽഹിയിലെ തിരംഗ മൗണ്ടൻ റെസ്‌ക്യു ഓർഗിൽ നിന്നുള്ള നാല് റീക്കോ റഡാറുകളുമാണ് എത്തുന്നത്. ഇന്ത്യൻ എയർ ഫോഴ്‌സ് വിമാനത്തിലാണ് ഇത് എത്തിക്കുക.
വിദഗ്‌ധരായ പ്രവർത്തകരും ഒപ്പമെത്തും. സംസ്ഥാന സർക്കാരിന്‍റെ അഭ്യർഥന പ്രകാരമാണ് സൈന്യത്തിന്‍റെ നീക്കം. ഉത്തരകേരള ഐജിപിയുടെ നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. ഡോഗ് സ്ക്വാഡുകളെ ഉൾപ്പെടുത്തിയുള്ള കരസേനയുടെ തെരച്ചിലും തുടരുകയാണ്. ആറു സോണുകളായിട്ടാണ് സൈന്യം തെരച്ചിൽ നടത്തുന്നത്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നിരിക്കുകയാണ്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.
Also Read: ദുരന്തമുഖത്തെത്തി ലഫ്.കേണല്‍ മോഹൻലാൽ; ക്യാമ്പുകളിലും സന്ദര്‍ശനം നടത്തും