കൽപ്പറ്റ: പാർലമെന്‍ററി രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു എന്ന പ്രത്യേകത കൊണ്ട് ഇത്തവണയും ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരമാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലേത്. പ്രിയങ്കയുടെ സ്ഥാനാർഥിത്വം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 20 ന് മുമ്പായി പ്രിയങ്ക വയനാട്ടിൽ എത്തുമെന്നതാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രിയങ്കയുടെ വരവിനെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് വയനാട്ടിലെ യുഡിഎഫ് പ്രവർത്തകർ. സ്ഥാനാർഥി ചിത്രം പൂർണമാകുന്നതോടെ വയനാട്ടിൽ പ്രചാരണം ചൂടുപിടിക്കും. എൽഡിഎഫിലും എൻഡിഎയിലും സ്ഥാനാർഥിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ രണ്ടിടങ്ങളിലും ജയിച്ചതിനെ തുടർന്ന് വയനാട്ടിൽ നിന്ന് രാജി വച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാജി പ്രഖ്യാപന സമയത്തു തന്നെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനവും നടത്തിയിരുന്നു. പ്രിയങ്കയുടെ സ്ഥാനാർഥിത്വം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്.
ഇടതുമുന്നണിയില്‍ സിപിഐയുടെ സീറ്റായ വയനാട്ടിൽ കഴിഞ്ഞ തവണ മത്സരിച്ച ആനിരാജ വീണ്ടും മത്സരിക്കുന്നില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇ.എസ്. ബിജിമോൾ, സത്യൻ മൊകേരി എന്നിവരുടെ പേരുകളാണ് ഇടത് ക്യാമ്പിൽ പറഞ്ഞു കേൾക്കുന്നത്. അതേസമയം സ്ഥാനാർഥി ആരെന്നതിനല്ല, ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾക്കാണ് പ്രസക്തിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറയുന്നു. വയനാട്ടുകാർക്ക് മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണ് ഇത്. രാഹുൽ വയനാടിനെ കയ്യൊഴിഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഡിഎയിൽ കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന് താത്‌പര്യം. ജില്ലയിൽനിന്ന് കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിട്ടുള്ള ഏക പേര് സുരേന്ദ്രന്‍റേതാണെങ്കിലും സുരേന്ദ്രൻ വീണ്ടും മത്സരിക്കാനുള്ള സാധ്യത വിരളമാണ്. ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരിലാരെങ്കിലും സ്ഥാനാർഥിയാകുമെന്നാണ് സൂചന. ശോഭയ്ക്കു മുന്നിൽ പാലക്കാട് മണ്ഡലത്തിന്‍റെ വാതിലുകളടഞ്ഞതോടെ വയനാട്ടിൽ അവരുടെ സാധ്യതയേറെയാണ്.
എന്നാൽ വി മുരളീധരൻ, കെ സുരേന്ദ്രൻ പക്ഷത്തോട് കൂറുപുലർത്തുന്ന ജില്ലാ നേതൃത്വത്തിന്, എതിർ ക്യാമ്പിൽ നിന്നൊരാളെ വയനാട് മത്സരിപ്പിക്കാൻ താത്‌പര്യമില്ല. എൽഡിഎഫ്, എൻഡിഎ ക്യാമ്പുകളുടെ സ്ഥാനാർഥി പ്രഖ്യാപനമടക്കം നീളുമ്പോഴും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കൺവൻഷനുകളടക്കം പൂർത്തിയാക്കിയ യുഡിഎഫ്, ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബഹുദൂരം മുന്നിലാണ്. രാഹുൽ ഗാന്ധിക്കു ലഭിച്ച മൂന്നര ലക്ഷത്തിൽ നിന്നു ഭൂരിപക്ഷം അഞ്ചു ലക്ഷമാക്കി ഉയർത്തി പ്രിയങ്കയെ പാർലമന്‍റിലെത്തിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം.
പ്രിയങ്കയെ വരവേൽക്കാൻ യുഡിഎഫ് ഒരുങ്ങിയതായി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് അറിയിച്ചു. പ്രിയങ്കയുടെ വരവ് പ്രതീക്ഷിച്ച് ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് വയനാട്ടിലെ യുഡിഎഫ് പ്രവർത്തകർ. അഞ്ച് ലക്ഷത്തിൽ അധികം ഭൂരിപക്ഷത്തിൽ വയനാട്ടുകാർ പ്രിയങ്കയെ വിജയിപ്പിക്കുമെന്നത് തീർച്ചയാണെന്നും സിദ്ദിഖ് പറഞ്ഞു.
പ്രിയങ്കയെ വിജയിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഡിസിസി യോഗത്തിൽ തീരുമാനമായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ടി സിദ്ദിഖ് എംഎൽഎ, എൻ ഡി അപ്പച്ചൻ, ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, പി കെ ജയലക്ഷ്‌മി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപനം വന്നത് പിന്നാലെ വണ്ടൂരിൽ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പ്രിയഗാന്ധിയുടെ ചിത്രമുള്ള പോസ്റ്ററുകൾ പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ഒട്ടിച്ചു തുടങ്ങിയത്.