കാസർകോട് : രാവിലെ വാഹനത്തിൽ നല്ല നാടൻ കുമ്പളവുമായി കർഷകനായ രാജേഷ് ഇറങ്ങും. ഓരോ പച്ചക്കറി കടയിലും കയറി കുമ്പളം വേണോ എന്ന് ചോദിക്കും. കഴിഞ്ഞ കുറെ ദിവസമായി ഈ കർഷകൻ കുമ്പളവുമായി ഓട്ടം തുടങ്ങിയിട്ട്. കാരണം കെട്ടിക്കിടക്കുന്നത് 80 ക്വിന്‍റൽ കുമ്പളമാണ്.
വാങ്ങാൻ ആളില്ലാത്തതിനാൽ കർഷകന്‍റെ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ് ക്വിന്‍റൽ കണക്കിന് കുമ്പളം. കാസർകോട് ബാര സ്വദേശിയാണ് രാജേഷ്. രാജേഷിന്‍റെയും കുടുംബത്തിന്‍റെയും മാസങ്ങളുടെ അധ്വാനമാണ് ഇപ്പോൾ ഇങ്ങിനെ കൂനകൂടി കിടക്കുന്നത്. കൃഷിഭൂമിയിൽ നിന്നും നൂറ് മേനി കൊയ്തെങ്കിലും ഇവർക്ക് മുടക്കുമുതൽ പോലും ഇതു വരെ കിട്ടിയിട്ടില്ല.
വിളഞ്ഞ 80 കിന്‍റൽ കുമ്പളത്തിൽ ആകെ വിറ്റുപോയത് അഞ്ചു ക്വിന്‍റൽ മാത്രമാണ്. തലപ്പാടി തൊട്ട് ഇങ്ങ് ജില്ല അതിർത്തിയായ കാലിക്കടവ് വരെ ആവശ്യക്കാരെ തേടിയിറങ്ങുകയാണ് രാജേഷ്. കഴിഞ്ഞ വിഷുക്കാലത്ത് വിളയിച്ച നാടൻ വെള്ളരി ചൂടപ്പം പോലെ വിറ്റു പോയത് ഈ കുടുംബത്തിന് ഏറെ ആശ്വാസം നൽകിയിരുന്നു.
എന്നാൽ, കുമ്പളം കൃഷി ഈ കുടുംബത്തിന് നൽകിയത് നഷ്‌ടകണക്കുകൾ മാത്രം. എന്നിരിന്നാലും കൃഷി തങ്ങൾ ഉപേക്ഷിക്കില്ലെന്ന് രാജേഷ് പറയുന്നു. ചൂട് കാലമായതിനാൽ ഇത് ഇങ്ങിനെ കൂട്ടിയിടാനാവില്ല, കെട്ടുപോകും.
മഴ പെയ്‌താലും പ്രശ്‌നമാകും. മഴ കനക്കും മുമ്പ് അവശ്യക്കാർ തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയോടെയാണ് ഈ കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നത്. കുമ്പളം കൂടാതെ കോവക്ക കൃഷിയുമുണ്ട് ഇവർക്ക്.
ALSO READ: ശുദ്ധജല മത്സ്യങ്ങളുടെ ഗുണനിലവാരം നഷ്‌ടപ്പെടുന്നു ; ഉൾനാടൻ മത്സ്യകൃഷി പ്രതിസന്ധിയില്‍