കോഴിക്കോട്: നെല്ലും പച്ചക്കറികളും കൂടാതെ ചെറു ധാന്യ കൃഷിയിലും വിജയം വരിച്ചിട്ടുണ്ട് മാവൂരിലെ മരക്കാർ ബാവ എന്ന കർഷകൻ. ഈ കൃഷികളെല്ലാമുണ്ടെങ്കിലും ഒന്നര ഏക്കറിൽ ചെയ്‌ത തേനൂറുന്ന മധുരമുള്ള തണ്ണിമത്തൻ കൃഷിയാണ് ഇത്തവണയും കൃഷിയിൽ പ്രധാനി. തുടർച്ചയായി ഒമ്പതാം വർഷമാണ് മരക്കാർ ബാവ മാവൂർ പാടത്ത് തണ്ണിമത്തൻ സുലഭമായി വിളയിച്ചെടുത്തത്.
കടും പച്ച നിറത്തിൽ അത്യുൽപാദന ശേഷിയുള്ള കിരൺ ഇനത്തിലെ തണ്ണിമത്തനാണ് മാവൂർ പാടത്ത് കൃഷിയിറക്കിയത്. തൊണ്ണൂറ് ദിവസം മൂപ്പെത്തിയ തണ്ണിമത്തനുകൾ ഇപ്പോൾ വിളവെടുക്കാനായിട്ടുണ്ട്. വിളവെടുക്കുന്ന തണ്ണിമത്തനുകൾ തോട്ടത്തിൽ നിന്നു തന്നെ ആവശ്യക്കാർ വാങ്ങുന്നുണ്ട്.
ജൈവരീതി മാത്രം പ്രയോഗിച്ചതു കൊണ്ട് വലുപ്പം അൽപ്പം കുറവാണ് ഈ തോട്ടത്തിലെ തണ്ണിമത്തനുകൾക്ക്. എന്നാൽ കടും ചുവപ്പ് നിറവും തേനിൻ്റെ മധുരവും ഉള്ളതുകൊണ്ട് ആവശ്യക്കാർ ഏറെയെത്തുന്നുണ്ട് മാവൂർപാടത്ത്.
വിളവെടുപ്പിന് പാകമായ തണ്ണി മത്തനുകൾ വലിയ ആഘോഷത്തോടെയാണ് വിളവെടുത്തത്.
കാർഷിക വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരുമെല്ലാമെത്തി മാവൂർ പാടത്ത്.
മരക്കാർ ബാവയുടെ കാർഷിക വിജയം മാതൃകയാക്കി ഇനിയും നിരവധി കർഷകർ
തണ്ണിമത്തൻ കൃഷിയിലേക്കിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.