കാസർകോട് : അമിത ജലചൂഷണം വരൾച്ചയുടെ വക്കിലാണ് ഇന്ന് ജനജീവിതത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭൂജലശേഷിയിൽ 54.55 ശതമാനം ഉപയോഗിച്ചുതീർന്നെന്ന കേന്ദ്ര ഭൂജലബോർഡിന്‍റെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. അശാസ്ത്രീയവും മുന്‍കരുതാതെയുമുള്ള ജലവിനിയോഗവും മഴക്കുറവും കാരണം സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ വറ്റിവരളുകയാണ്. വര്‍ഷം കഴിയുംതോറും ഭൂഗര്‍ഭ ജലം താഴുന്നതോടെ സംസ്ഥാനം കടുത്ത കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ജില്ലതിരിച്ചുള്ള കണക്കെടുപ്പിൽ കാസർകോടാണ് ഏറ്റവുമധികം ജലശോഷണമുണ്ടായത്. 72.75 ശതമാനമാണത്. ഏറ്റവും കുറവ് വയനാട്ടിലാണ്, 27.67 ശതമാനം. എട്ട് ജില്ലകളിൽ 50 ശതമാനത്തിലധികം ജലശോഷണമുണ്ടായി. രണ്ട് ജില്ലകളിൽ 50 ശതമാനത്തിനടുത്താണ് ജലശോഷണം. മലപ്പുറത്ത് 71.55 % തിരുവനന്തപുരത്ത് 67.73 %, കോഴിക്കോട്ട് 61.7 % തൃശ്ശൂരിൽ 60.94 % പാലക്കാട്ട് 59.75 % എന്നിങ്ങനെ ജലശോഷണം സംഭവിച്ചുവെന്ന് ഭൂജലസ്രോതസ്സുകൾ സംബന്ധിച്ച പഠനത്തില്‍ കണ്ടെത്തി.
കുഴൽ കിണറുകളും വില്ലൻ : ജലശോഷണം സംഭവിക്കുന്നതില്‍ പ്രധാന വില്ലന്‍ കുഴൽ കിണറുകളാണ്. കുഴല്‍ കിണറുകള്‍ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നേ തെളിയിക്കപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രജിസ്ട്രേഷനില്ലാതെ ലോറികളില്‍ ഡ്രില്ലറുകളുമായി എത്തി കിണര്‍ കുഴിക്കുന്നത് ഇന്ന് വ്യാപകമാണ്. രാത്രിയിലെത്തി രാവിലെ ആകുമ്പോഴേക്കും പണി പൂര്‍ത്തിയാക്കി അവര്‍ മടങ്ങുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങളാണ് കൂടുതലും ഇതിനായെത്തുന്നത്. ട്രാക്‌ടര്‍, ലോറി എന്നിവയില്‍ ഘടിപ്പിച്ച യന്ത്രങ്ങളുമായി എത്തിയാണ് കിണര്‍ നിര്‍മാണം. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുണ്ടെങ്കിലും അനധികൃത കുഴല്‍ കിണര്‍ സംഘങ്ങള്‍ക്ക് അത് തടയിടാന്‍ കഴിയുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ കിണറുകളും വെള്ളമില്ലാത്ത കിണറുകളുമുളളത് കാസര്‍കോട് ജില്ലയിലാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. വന്‍ദുരന്തമാണ് ഭാവിയില്‍ മറ്റ് ജില്ലകളും നേരിടാന്‍ പോകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇടക്കാലത്ത് ജില്ലയില്‍ വെള്ളത്തിന്‍റെ അമിത ചൂഷണം നടക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി കുഴല്‍ കിണര്‍ കുഴിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പീന്നീട് ഇതൊന്നും പാലിക്കപ്പെട്ടില്ല. കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്തെ കുഴല്‍ കിണറുകളുടെ എണ്ണം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും അതും പ്രാവര്‍ത്തികമായില്ല.
സംസ്ഥാനത്ത് ഓരോ വർഷവും മഴയിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും സംഭരിക്കപ്പെടുന്ന ഭൂജലത്തിന്‍റെ അളവ് 5,52,727.78 ഹെക്‌ടർ മീറ്ററാണ്. 10,000 ക്യുബിക് മീറ്ററാണ് ഒരു ഹെക്‌ടർ മീറ്റർ. ജലസേചന, ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കായി 2,73,046.75 ഹെക്‌ടർ മീറ്റർ ജലം ഉപയോഗിക്കുന്നതായാണ് കണക്ക്. ഭാവി ആവശ്യത്തിനായി സൂക്ഷിക്കുന്നത് 2,01,680.07 ഹെക്‌ടർ മീറ്റർ ഭൂജലമാണെന്നും പഠനത്തിൽ പറയുന്നു.
മൺസൂൺ മഴയിലൂടെ 4,09,062.4 ഹെക്‌ടർ മീറ്റർ ജലം ഭൂമിയിലേക്കിറങ്ങുന്നുണ്ട്. ഇതര സ്രോതസ്സുകളിലൂടെ 13,908.45 ഹെക്‌ടർ മീറ്റർ ജലവും ലഭിക്കുന്നു. മൺസൂണിതര നാളുകളിൽ 44,430.15 ഹെക്‌ടർ മീറ്റർ ജലം മഴയിലൂടെയും 85,326.78 ഹെക്‌ടർ മീറ്റർ ഇതര സ്രോതസ്സുകളിലൂടെയും ഭൂഗര്‍ഭത്തില്‍ വെള്ളം നിറയ്ക്കപ്പെടുന്നു.
ജില്ല ,ആകെ നിറയ്ക്കപ്പെടുന്ന ഭൂഗര്‍ഭജലം (ഹെക്‌ടർ മീറ്ററിൽ), ഭൂജലശോഷണം (ശതമാനത്തിൽ)
കാസർകോട് : 34,908.97 (72.75)
മലപ്പുറം : 53,662.08 (71.55)
തിരുവനന്തപുരം : 28,540.71 (67.73)
കോഴിക്കോട് : 34,031.09 (61.7)
തൃശ്ശൂർ : 61,897.58 (60.94)
പാലക്കാട് : 62,186.79 (59.75)
ഇടുക്കി : 20,951.96 (54.2)
കൊല്ലം : 35,818.32 (51.93)
കണ്ണൂർ : 44,281.27 (49.75)
എറണാകുളം : 51,263.73 (49.63)
ആലപ്പുഴ : 38,659.52 (39.33)
പത്തനംതിട്ട : 23,070.14 (37.63)
കോട്ടയം : 40,812.89 (37.11)
വയനാട് : 22,642.73 (27.67)
Also Read: ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത ; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്