തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് മുൻ മന്ത്രി വിഎസ് സുനിൽകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎസ് സുനില്‍കുമാര്‍.
പൂരം കലക്കാൻ നേതൃത്വം നൽകിയവർ ആരായാലും അത് പുറത്തുവരണം. പൂരം അലങ്കോലപ്പെടുത്തിയതിൽ കമ്മിഷണർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു. എഡിജിപി അജിത് കുമാറിന് ഇതിൽ പങ്കുണ്ടോ എന്നറിയില്ല.
പൂരം അലങ്കോലപ്പെട്ടതോടെ താൻ ഇരയാക്കപ്പെട്ടു. ഒരുമാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തയക്കുന്നതെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു.
തൃശൂർ പൂരമെന്നത് പുതുതായികൊണ്ടുവന്ന പൂരമല്ല. ശക്തൻ തമ്പുരാന്‍റെ കാലത്ത് തന്നെ ഡിസൈൻ ചെയ്‌തിരിക്കുന്ന ക്ലാസിക്കൽ ഡിസൈനാണ്. അതിൽ കടുക് മണിക്ക് പോലും മാറ്റം വരുത്താതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. പൂരത്തിന്‍റെ വെടിക്കെട്ടിന്‍റെ കാര്യങ്ങൾ തീരുമാനിക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ പെസോ എന്ന ഏജൻസിയാണ്. അവര്‍ പറയുന്നതനുസരിച്ചല്ലാതെ പൂരത്തിന്‍റെ വെടിക്കെട്ടിന്‍റെ കാര്യത്തിൽ നമുക്ക് ഒന്നും മാറ്റാൻ കഴിയില്ല. അവിടെ ഹൈഡ്രന്‍റ് വച്ചത് അവരുടെ നിർദേശ പ്രകാരമാണ്.
എല്ലാ സർക്കാരുകളും കേന്ദ്രത്തിന്‍റെ നിർദേശമനുസരിച്ച് തൃശൂർ പൂരം നന്നായി നടത്താൻ ശ്രമിച്ചിട്ടുണ്ട്. ഇനി പുതിയ അന്വേഷണം വേണമെന്നില്ല. നിലവിലുള്ള അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്ത് വിടുകയാണ് വേണ്ടതെന്നും വിഎസ് സുനികുമാർ കൂട്ടിച്ചേര്‍ത്തു.