ഇടുക്കി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം എം മണിക്ക് റെക്കോർഡ് ഭൂരിപക്ഷം നൽകിയ ഉടുമ്പൻചോല മണ്ഡലത്തിലെ വോട്ട് ചോർച്ച എൽഡിഎഫിലും സിപിഎമ്മിലും വരും ദിവസങ്ങളിൽ വാദം പ്രതിവാദങ്ങൾക്ക് കാരണമാകും. ആകെയുള്ള 10 പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്ന നിയമസഭ മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തുകളിലും എം എം മണിക്ക് ലീഡ് ലഭിച്ചിരുന്നു.
അങ്ങനെയാണ് 38,305 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എം എം മണി ഇവിടെ നിന്ന് വിജയിച്ചത്. ഇത്തവണ ആറ് പഞ്ചായത്തുകളിൽ യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചു. രാജാക്കാട്, നെടുങ്കണ്ടം, വണ്ടൻമേട്, കരുണാപുരം, ഇരട്ടയാർ, പാമ്പാടുംപാറ പഞ്ചായത്തുകളിലാണ് ഡീൻ കുര്യാക്കോസിന് ലീഡ് ലഭിച്ചത്.
ഇതിൽ രാജാക്കാട്, കരുണാപുരം പഞ്ചായത്തുകളിൽ സിപിഎമ്മിൽ നിന്നും നെടുങ്കണ്ടം, ഇരട്ടയാർ പഞ്ചായത്തുകളിൽ കേരള കോൺഗ്രസ് എമ്മിൽ നിന്നും വൻതോതിൽ വോട്ട് ചോർച്ചയുണ്ടായി. രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് നേടാൻ കഴിഞ്ഞത്.
എന്നാൽ, ഈ പഞ്ചായത്തുകളിൽ മുഴുവൻ സിപിഎം വോട്ടുകളും കൃത്യമായി പോൾ ചെയ്യിക്കാൻ കഴിഞ്ഞില്ലെന്ന് മുന്നണിക്കുള്ളിൽ തന്നെ ആക്ഷേപമുണ്ട്. ശാന്തൻപാറയിൽ മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്യാൻ എത്തിയില്ല. ഉടുമ്പൻചോല, ശാന്തൻപാറ, സേനാപതി പഞ്ചായത്തുകളിലെ പാർട്ടി വോട്ടുകൾ മാത്രം മതി മറ്റു പഞ്ചായത്തുകളിലെ യുഡിഎഫിൻ്റെ ലീഡ് കുറയ്ക്കാൻ എന്നായിരുന്നു പ്രാദേശിക നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
എല്ലാ പഞ്ചായത്തുകളിലും പോളിങ് കുറഞ്ഞതും എൽഡിഎഫിനെയാണ് ബാധിച്ചത്. 1,16,441 വോട്ടുകളാണ് ഉടുമ്പൻചോല മണ്ഡലത്തിൽ ആകെ ചെയ്‌തത്. യുഡിഎഫിന് 53,085 വോട്ടും എൽഡിഎഫിന് 46,325 വോട്ടും ലഭിച്ചു.
Also Read: രണ്ടാം പിണറായി സർക്കാറിന്‍റെ മൂന്നാം വർഷ പ്രോഗ്രസ് റിപ്പോര്‍ട്ട് നാളെ