കോട്ടയം: അക്ഷര മ്യൂസിയം ഉദ്‌ഘാടനത്തിന് ഒരുങ്ങി. സഹകരണവകുപ്പിന്‍റെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കിയ മ്യൂസിയത്തിൻ്റെ ഉദ്ഘാടനം, ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചരിത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും പഠനത്തിന് വലിയ അവസരങ്ങൾ ഒരുങ്ങുമെന്ന് അക്ഷര മ്യൂസിയ സന്ദർശിച്ച് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്‍റെ ഉടമസ്ഥതയിൽ കോട്ടയം നാട്ടകത്തുള്ള സ്ഥലത്താണ് അക്ഷര മ്യൂസിയം ഒരുങ്ങുന്നത്. ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലിക മുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികൾ ആദ്യ ഘട്ടത്തിലുണ്ടാകുമെന്ന് വിഎൻ വാസവൻ പറഞ്ഞു.
ഇന്ത്യൻ ഭാഷകളെയും ലോക ഭാഷകളെയും രണ്ടാം ഘട്ടത്തിൽ വിശദമായി ഉൾക്കൊള്ളിക്കും. മൂന്ന്, നാല് ഘട്ടങ്ങളിലായി മലയാള സാഹിത്യത്തിന്‍റെ വിവിധ ശാഖകളെ അടയാളപ്പെടുത്തും. മ്യൂസിയത്തിനൊപ്പം തിയേറ്റർ, കൺസർവേഷൻ മുറികൾ, അർക്കൈവ്, ആംഫി തിയേറ്റർ എന്നിവയെല്ലാം അടങ്ങുന്നതാണ് അക്ഷര മ്യൂസിയം.
ചരിത്ര വിദ്യാർഥികൾക്കും ഭാഷാസ്‌നേഹികൾക്കും ഗവേഷകർക്കും പഠനത്തിന് വലിയ അവസരങ്ങൾ മ്യൂസിയത്തിൽ ഒരുങ്ങുമെന്ന് മ്യൂസിയം സന്ദർശിച്ച മന്ത്രി അറിയിച്ചു.
വാർത്തസമ്മേളനത്തിൽ എസ്‌പിസിഎസ് പ്രസിഡന്‍റ് അഡ്വ. പി കെ ഹരികുമാർ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്‍റണി, അഡീഷണൽ രജിസ്‌ട്രാർ ഗ്ലാഡി പുത്തൂർ, ജില്ലാ ജോയിന്‍റ് രജിസ്‌ട്രാർ എൻ വിജയകുമാർ, എസ്‌പിസിഎസ് സ്‌പെഷ്യൽ ഓഫീസർ എസ് സന്തോഷ്‌കുമാർ എന്നിവരും പങ്കെടുത്തു.
ALSO READ: നിക്ഷേപ തുക തിരികെ ലഭിക്കാതെ കര്‍ഷകന്‍റെ ആത്മഹത്യ; അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് സഹകരണ മന്ത്രി