തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓണത്തിന് മുൻപ് കമ്മിഷൻ ചെയ്യാനുള്ള ശ്രമങ്ങൾ തകൃതി. ഇന്ന് തുറമുഖത്ത് എത്തേണ്ടിയിരുന്ന സെൻ ഹുവ കപ്പൽ ഈ മാസം 22ന് എത്തും. മറ്റൊരു കപ്പൽ മെയ് ആദ്യ ആഴ്‌ചയും വിഴിഞ്ഞം തീരത്തടുക്കും.
ഇനി നാല് ഷിപ്പ് ടു ഷോർ ക്രെയിനുകളും ഏഴ് യാർഡ് ക്രെയിനുകളുമാണ് എത്താനുള്ളത്. ഇത് വഹിക്കുന്ന കപ്പലുകൾ കൂടി എത്തിയാൽ പിന്നെ തുറമുഖത്തിന്‍റെ ട്രയൽ റണ്ണിലേക്ക് കടക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ 2960 മീറ്റർ ബ്രേക്ക് വാട്ടറിന്‍റെ പണി പൂർത്തിയായിട്ടുണ്ട്.
800 മീറ്റർ ബെർത്തില്‍ 600 മീറ്ററും പൂർത്തിയായിട്ടുണ്ട്. തുറമുഖത്തിന്‍റെ പ്രവർത്തനം ആരംഭിക്കാൻ 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് വേണ്ടത്. ഇതിൽ 15 ക്രെയിനുകളാണ് ആദ്യമെത്തിച്ചത്. സെപ്റ്റംബറിൽ തുറമുഖം പ്രവർത്തനമാരംഭിക്കുമെന്ന് അദാനി പോർട്ട് അധികൃതർ അറിയിക്കുന്നു. തുറമുഖത്തിന്‍റെ ബെർത്തിന്‍റെയും യാർഡിന്‍റെയും നിർമാണവും അവസാന ഘട്ടത്തിലാണ്.
2028 ന് മുൻപ് രണ്ടാം ഘട്ടത്തിന്‍റെയും മൂന്നാം ഘട്ടത്തിന്‍റെയും നിർമാണം പൂർത്തിയാക്കും. ഒരേ സമയം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിഴിഞ്ഞം തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ അപ്രോച്ച് റോഡിന്‍റെ നിർമാണവും പുരോഗമിക്കുകയാണ്. ഇസ്രയേലിലെ ഹൈഫ മുതൽ കൊളംബോ വരെ സൃഷ്‌ടിക്കുന്ന തുറമുഖ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് അദാനി പോർട്ട് പ്രതിനിധികൾ അറിയിച്ചു.
രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പൂർത്തിയാക്കാനായി 10,000 കോടി രൂപയാകും അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നിക്ഷേപിക്കുക. നാവിഗേഷൻ ഉപകരണങ്ങൾ, മൂറിങ് ലോഞ്ചസ്, പൈലറ്റ് കം സർവേ എന്നീ ഉപകരണങ്ങളും എത്തിക്കാനുണ്ട്. തുറമുഖത്ത് എത്തുന്ന കപ്പലുകൾക്ക് വഴി കാട്ടാൻ നാല് ടഗ് ബോട്ടുകളാണ് പ്രവർത്തിക്കുന്നത്.
Also Read: വിഴിഞ്ഞം തുറമുഖം ഭാവിയുടെ വികസന കവാടം; വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രത്യേക വികസന സോണ്‍
3,80,000 ചതുരശ്ര മീറ്റർ യാർഡിലാണ് കപ്പലുകളിൽ എത്തുന്ന കണ്ടെയ്‌നറുകൾ സൂക്ഷിക്കുക. ഇതിൽ ഒരു ലക്ഷം ചതുരശ്ര മീറ്ററിന്‍റെ പണിയാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. തുറമുഖത്ത് 220 കെ വിയുടെയും 33 കെ വിയുടെയും രണ്ട് സബ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്.