തിരുവനന്തപുരം: ലോക റാങ്കിങ്ങിൽ വളരെ പിന്നിലായിരുന്ന ഇന്ത്യൻ കിക്ക് ബോക്‌സിങ് ടീം ആദ്യ 30 റാങ്കിങിനുള്ളിൽ കടന്നു കൂടാൻ അരയും തലയും മുറുക്കിയിറങ്ങിയ കാലത്താണ് യൂറോപ്യൻ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സായിപ്പന്മാരുടെ തമ്മിലടി നിയന്ത്രിക്കാൻ മലയാളിയായ വിവേക് റിങിലിറങ്ങുന്നത്. സൈന്യത്തിലെ സേവനം അവസാനിപ്പിച്ചു പൂർണ സമയം കിക്ക് ബോക്‌സിങ്ങിനായി മാറ്റിവച്ചു നാട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം തിരുവല്ല സ്വദേശിയായ വിവേക് എ എസ്.
അങ്ങനെ വെറുമൊരു അടിതടയലല്ലിതെന്ന് തെളിയിച്ച വിവേക്, കിക്ക് ബോക്‌സിങ്ങിൽ കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും പ്രതിനിധിയായി സ്വന്തമായൊരു ഇരിപ്പിടം തീർത്തു. പുരാതന ഇന്ത്യൻ - ഗ്രീക്ക് മല്ലയുദ്ധങ്ങളിൽ നിന്നുമാണ് കിക്ക് ബോക്‌സിങ് എന്ന കായികയിനം രൂപപ്പെടുന്നത്. അമേരിക്കൻ കിക്ക് ബോക്‌സിങ് 1970 കളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ കരാട്ടെയുടെ സ്വാധീനത്തിൽ പുത്തൻ നിയമാവലികളുമായി കിക്ക് ബോക്‌സിങ് സായിപ്പന്മാരുടെ കുത്തകയായി മാറി.
ഇക്കാലത്താണ് വിവേകിന്‍റെ ഇടിക്കൂട്ടിലേക്കുള്ള അരങ്ങേറ്റം. 'നാല് വയസുകാരൻ മുതൽ 50 വയസുകാരൻ വരെ ഇന്നീ മല്ലയുദ്ധത്തിന്‍റെ ബാലപാഠങ്ങൾ തേടി തന്‍റെ അടുത്തെത്തുന്നുണ്ട്. ഞങ്ങളുടെ കാലത്തെ സാഹചര്യമല്ല ഇന്നുളളത്. സാങ്കേതിക സംവിധാനങ്ങൾ വളർന്നതോടെ കിക്ക് ബോക്‌സിങ് കൂടുതല്‍ സുരക്ഷിതമാണെന്നും' വിവേക് പറയുന്നു.
ലോക കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ കിക്ക് ബോക്‌സിങ് ടീമിന്‍റെ കോച്ചും ലോക കോംപാക്റ്റ് ഗെയിംസിൽ തെരഞ്ഞെടുത്ത ഒമ്പത് റഫറിമാരിൽ ഒരാളുമാണ് വിവേക് എ എസ്. നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും കോച്ചായിരുന്ന അനുഭവത്തിൽ നിന്നും വ്യത്യസ്‌തമാണ് റഫറിയായി കളത്തിലെത്തുമ്പോള്‍ കിട്ടുന്ന അനുഭവമെന്ന് വിവേക് പറഞ്ഞു. റഫറിക്ക് കൂടുതൽ നന്നായി നിരീക്ഷിക്കാനാകും. പിന്നീട് കോച്ചായി റിങ്ങിലെത്തുമ്പോൾ ഈ നിരീക്ഷണങ്ങൾ സഹായിക്കുമെന്നും വിവേക് പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒളിമ്പിക്‌സിലെ റഫറിയായി പോഡിയത്തില്‍ നില്‍ക്കണം എന്നതാണ് വിവേകിന്‍റെ ഏറ്റവും വലിയ ആഗ്രഹം. കേരളത്തിലെ കിക്‌ബോക്‌സിങ് താരങ്ങള്‍ക്ക് അവസരങ്ങളുണ്ടാക്കി കൊടുക്കുക എന്നതും വിവേകിന്‍റെ ലക്ഷ്യമാണ്. കിക്ക് ബോക്‌സിങ്ങിൽ മാത്രമല്ല, വിവിധ പുഷ് അപ്പ് ട്രെയിനിങ്ങുകളിലും ലോക റെക്കോർഡ് നേട്ടമുണ്ട് വിവേകിന്.
അക്രമണത്തിനും പ്രതിരോധത്തിനുമല്ലാതെ തന്നെ കിക്ക് ബോക്‌സിങ് പരിശീലനം ആരോഗ്യ സംരക്ഷണത്തിന് മികച്ച വ്യായാമമാണ്. പ്രായമനുസരിച്ച് പരിശീലനവും തരം തിരിച്ചിട്ടുണ്ടെന്ന് വിവേക് പറയുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുംബത്തിലെ മൂത്ത മകൻ വിശ്വജിത്ത് വിയും കിക്ക് ബോക്‌സിങ് ദേശീയ താരമാണ്. കേരള സ്‌റ്റേറ്റ് അമച്വർ കിക്ക് ബോക്‌സിങ് അസോസിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് വിവേക്.
Also Read: 'ആട്ടത്തിനൊപ്പം ഓട്ടത്തിലും കഴിവ്'; കായിക മേളയില്‍ താരമായി ശ്രേയ