തിരുവനന്തപുരം : വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്‍റെ പങ്കാളിയും അപകടത്തിന്‍റെ ഏക സാക്ഷിയുമായ ലക്ഷ്‌മി. അപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്ന് ലക്ഷ്‌മി പറഞ്ഞു. കാറിന് നേരെ ഒരു തരത്തിലുമുള്ള ആക്രമണം ഉണ്ടായിട്ടില്ലെന്നും ലക്ഷ്‌മി പറഞ്ഞു.
അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. അപകടം നടന്ന് ആറ് വര്‍ഷത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്‌മി. അപകടത്തിന് ശേഷം ആദ്യമായാണ് ലക്ഷ്‌മി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അപകട ദിവസം വണ്ടിയോടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന ഡ്രൈവര്‍ അര്‍ജുന്‍റെ വാദം തെറ്റാണെന്നും ലക്ഷ്‌മി പറഞ്ഞു. ആശുപത്രിയിലെത്തിയ ബാലുവിന്‍റെ സുഹൃത്തുക്കളോട് അര്‍ജുന്‍ ഇത് പറഞ്ഞിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് എന്ന് പറഞ്ഞ് അര്‍ജുന്‍ കരഞ്ഞതായും ലക്ഷ്‌മി പറഞ്ഞു.
അതേസമയം, അര്‍ജുന്‍റെ പേരില്‍ കേസ് ഉണ്ടെന്ന കാര്യം ബാലഭാസ്‌കറിന് നേരത്തെ അറിയാമായിരുന്നു എന്നും ലക്ഷ്‌മി വെളിപ്പെടുത്തി. ഒരു കേസില്‍ ഉള്‍പ്പെട്ട് കഴിയുന്ന കാലത്താണ് അര്‍ജുനെ പരിജയപ്പെടുന്നത് എന്നും കേസില്‍ താന്‍ അറിയാതെ ഉള്‍പ്പെട്ടു പോയതാണ് എന്ന് അര്‍ജുന്‍ പറഞ്ഞിരുന്നതായും ലക്ഷ്‌മി പറയുന്നു.
ഇത് വിശ്വസിച്ചാണ് ബാലഭാസ്‌കര്‍ അദ്ദേഹത്തെ ഡ്രൈവറായി എടുത്തത്. ഒരു കേസ് നിലവിലുണ്ട് എന്നതിനപ്പുറം ഒരു ക്രിമിനലാണ് അര്‍ജുന്‍ എന്ന് ബാലഭാസ്‌കര്‍ വിശ്വസിച്ചിരുന്നില്ല എന്നും ലക്ഷ്‌മി പറയുന്നു. ഒന്നോ രണ്ടോ തവണ മാത്രമാണ് അര്‍ജുന്‍ തങ്ങള്‍ക്കൊപ്പം ഡ്രൈവറായി വന്നിട്ടൂള്ളൂ എന്നും ലക്ഷ്‌മി പറഞ്ഞു.
അടുത്ത സുഹൃദ് ബന്ധമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് അര്‍ജുനെ പരിചയപ്പെടുന്നത്. അന്ന് കേസില്‍ അകപ്പെട്ടതിന്‍റെ ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന സമയമായിരുന്നു. കേസിന് ശേഷമുണ്ടായ ഒറ്റപ്പെടലിനെ കുറിച്ചും അര്‍ജുന്‍ പറഞ്ഞിരുന്നു. ബാലഭാസ്‌കര്‍ ഇതെല്ലാം വിശ്വസിച്ചതായും ലക്ഷ്‌മി പറയുന്നു.
ഡ്രൈവിങ് മാത്രമായിരുന്നു അര്‍ജുന് അറിയാവുന്ന ജോലി. എന്നാല്‍ തങ്ങള്‍ക്കൊരു പേഴ്‌സണല്‍ ഡ്രൈവറുടെ ആവശ്യം ഉണ്ടായിരുന്നില്ല. ഒരു ഡ്രൈവര്‍ ഓണ്‍ കോള്‍ എന്ന രീതിക്കാണ് അര്‍ജുനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. സുഹൃത്തുക്കളോട് പറഞ്ഞ് അര്‍ജുന് ഒരു സ്ഥിര ജോലി ശരിയാക്കിക്കൊടുക്കാമെന്ന് ബാലഭാസ്‌കര്‍ കരുതിയിരുന്നു എന്നും ലക്ഷ്‌മി വെളിപ്പെടുത്തി.
അര്‍ജുന്‍ തിരുവനന്തപുരത്ത് ഒരു മുറിയെടുത്ത് താമസിക്കുകയായിരുന്നു. ചെറിയ ജോലികളൊക്കെ ചെയ്‌താണ് മുന്നോട്ട് പോയിരുന്നത് എന്നാണ് അറിഞ്ഞത്. ഈ സമയത്താണ് അന്ന് ആ യാത്രയ്ക്ക് ഡ്രൈവ് ചെയ്യാന്‍ വേണ്ടി അര്‍ജുന്‍ തൃശൂരിലേക്ക് വന്നത്.
ആദ്യ ദിവസങ്ങളില്‍ സത്യം പറയുകയും അപകടമുണ്ടായതില്‍ കുറ്റബോധമുണ്ടെന്ന് കരഞ്ഞ് പറയുകയും ചെയ്‌ത അര്‍ജുന്‍ പിന്നീട് നാട്ടിലേക്ക് പോകുമ്പോള്‍ മൊഴിമാറ്റി. ആരുടെയെങ്കിലും പ്രേരണയിലാവാം അര്‍ജുന്‍ മൊഴിമാറ്റിയത് എന്നും ലക്ഷ്‌മി പറയുന്നു. അപകടത്തിന് ശേഷം നാട് വിട്ട അര്‍ജുന്‍ പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്നും ലക്ഷമി പറയുന്നു.
അദ്ദേഹമല്ല ഡ്രൈവ് ചെയ്‌തത് എന്ന് പറഞ്ഞ് തങ്ങള്‍ക്കെതിരെ കേസ് നല്‍കിയിരുന്നതായും ലക്ഷ്‌മി പറഞ്ഞു. ബാലഭാസ്‌കറിന്‍റെ കുടുംബവുമായി വിവാഹം മുതല്‍ അകല്‍ച്ച ഉണ്ടെന്ന് ലക്ഷ്‌മി വെളിപ്പെടുത്തി. പ്രണയ വിവാഹമായിരുന്നതിനാല്‍ ബാലുവിന്‍റെ അമ്മ അംഗീകരിച്ചിരുന്നില്ല. മരണത്തില്‍ സംശയം ഉന്നയിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: 'ബാലഭാസ്‌കറിന്‍റെ മരണം കൊലപാതകം', പിന്നിൽ സ്വർണക്കടത്ത് മാഫിയയെന്ന് കുടുംബം