തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകൾ വർധിക്കുന്നതിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക് പോര്. വടകര എംഎൽഎ കെകെ രമയാണ് വിഷയം ചർച്ച ചെയ്യാൻ സഭ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം നോട്ടിസ് നൽകിയത്. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി സഭയിൽ എത്താത്തിനാൽ ആരോഗ്യ മന്ത്രി വീണ ജോർജായിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞത്.
കുസാറ്റിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ അതിക്രമം, ക്രിക്കറ്റ് അസോസിയേഷൻ അംഗത്തിന്‍റെ പീഡന ശ്രമം, കാലടി സർവകലാശാലയിലെ മുൻ എസ്എഫ്ഐ നേതാവ് സഹപാഠികളുടെ ചിത്രം അശ്ലീല സമൂഹ മാധ്യമ പേജിൽ പോസ്റ്റ് ചെയ്‌ത സംഭവം, കോഴിക്കോട് മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായ പീഡനം എന്നിങ്ങനെ സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പീഡന കേസുകളും പ്രാദേശിക ഇടതു നേതാക്കൾ ഉൾപ്പെട്ട കേസുകളും വിസ്‌തരിച്ചായിരുന്നു കെകെ രമയുടെ പ്രമേയാവതരണം.
ക്രിക്കറ്റ് അസോസിയേഷൻ അംഗത്തിന്‍റെ പീഡന ശ്രമത്തെ ബ്രിഡ്‌ജ് ഭൂഷൺ കേസുമായി ഉപമിച്ചും കെ കെ രമ വിമർശനമുയർത്തി. സമൂഹ മാധ്യമങ്ങളിലും സ്‌ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം കെ കെ രമ ഉന്നയിച്ചു. എന്നാൽ കേസുകളിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ചായിരുന്നു വിഷയത്തിൽ മന്ത്രിയുടെ മറുപടി. ബ്രിഡ്‌ജ് ഭൂഷൺ കേസിലെ ഇടപെടൽ പോലെയല്ല സർക്കാർ വിഷയത്തിൽ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.
സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ അക്രമം നടത്തുന്ന ഒരാളെയും വെറുതെ വിടില്ലെന്നും വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വീണ ജോർജ് മറുപടി പറഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ട കേസുകളും വീണ ജോർജ് വിശദീകരിച്ചു. സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ സഭ ഇങ്ങനെയല്ല ചർച്ച ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പിന്നാലെ വാക്ക് ഔട്ട് പ്രസംഗത്തിൽ ക്രൈം റെക്കോർഡ്‌സ് കണക്കുകൾ പരിശോധിച്ചാൽ സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായി അതിക്രമം വർധിച്ചതായി കാണാമെന്നും ഒരു നിലപാടാണ് ഇതിൽ നാം സ്വീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
അരൂരിൽ 19 വയസുകാരിയായ ദലിത് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് മണിക്കൂറുകളോളം പൊലീസ് അന്വേഷണം നടന്നില്ല. ഇത് കാരണമാണ് ഇവിടെ അക്രമം നടന്നത്. കേസിൽ 2 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാന പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്‌തില്ല. നടപടിയെടുക്കാൻ പാർട്ടിക്കാർ സമ്മതിച്ചുവെന്ന് വലിയ കാര്യം പോലെയാണ് മന്ത്രി പറയുന്നത്.
പ്രതികളുടെ രാഷ്‌ട്രീയം നോക്കാതെ ഇരകളുടെ നീതി നടപ്പിലാക്കണം. മാർച്ച് 1ന് രാത്രിയാണ് കൊച്ചിൻ സർവകലാശാലയിൽ സംഭവം നടക്കുന്നത്. സംഭവം ഉണ്ടായതിന്‍റെ പിറ്റേ ദിവസം വെളുപ്പിന് എസ്എഫ്ഐക്കാർ ആക്രമിയെ മർദിച്ചു. കുസാറ്റിലെ ടീച്ചേർസ് അസോസിയേഷൻ പൊലീസിന് നൽകിയ പരാതിയിൽ ഇത് പറയുന്നുണ്ട്.
ബേബി എന്ന അധ്യാപകൻ വിദ്യാർഥികളുടെ ക്ഷേമകാര്യ ഡയറക്‌ടർ ആണ്. കുറെ കാലത്തിന് ശേഷം ഇയാളുടെ പോസ്റ്റ് ടീച്ചിങ് ആക്കി മാറ്റി നൽകി. എന്നിട്ട് 13 വർഷത്തെ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകി. അശ്ലീല പോസ്റ്റ് ഇട്ടവൻ 15 മിനിറ്റ് പോലും സ്റ്റേഷനിൽ നിന്നില്ല. 51 വെട്ട് വെട്ടി ക്രൂരമായി കൊന്നിട്ട് വിടാതെ കെ കെ രമയെ വീണ്ടും സമൂഹ മാധ്യമത്തിൽ വീണ്ടും അധിക്ഷേപിക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് പീഡിപ്പിക്കപ്പെട്ടു. പീഡനത്തിന് തെളിവ് കൊടുത്ത ജീവനക്കാരിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ആളാണ് ആരോഗ്യ മന്ത്രി. ഹൈക്കോടതി ഇടപെട്ടാണ് തിരികെ മെഡിക്കൽ കോളജിൽ എത്താൻ ഉത്തരവിട്ടത്. ആ ഉത്തരവുമായി 7 ദിവസം മെഡിക്കൽ കോളേജിന് മുന്നിൽ ആരോഗ്യ മന്ത്രി അവരെ ഇരുത്തി.
കാപ്പ കേസിൽ പ്രതിയായ ആളെ മാലയിട്ട് സ്വീകരിച്ച ആരോഗ്യ മന്ത്രിയാണ് ഞങ്ങളെ നിലപാട് പഠിപ്പിക്കുന്നത്. പാർട്ടിക്കാരെ ചേർത്ത് നിർത്തി സംരക്ഷിക്കുന്നു. ആറ് വയസുകാരിയായ പെൺകുട്ടി പീഡിപ്പിച്ച് കൊന്ന് കെട്ടി തൂക്കിയ ഡിവൈഎഫ്ഐക്കാരനെ സംരക്ഷിച്ച സർക്കാരാണ് ഇവിടെയുള്ളതെന്നും രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സഭയിൽ നിന്നുമിറങ്ങിപ്പോയത്.
മറ്റ് യുഡിഎഫ് നേതാക്കൾ വാക്ക് ഔട്ട് പ്രസംഗം നടത്തുന്നതിന് മുൻപ് സ്‌പീക്കർ പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിൽ മറുപടി പറയാൻ ആരോഗ്യ മന്ത്രിക്ക് സമയം അനുവദിച്ചെങ്കിലും പ്രസംഗം പൂർത്തിയാക്കുന്നതിന് മുൻപ് സ്‌പീക്കർ തന്നെ ഇടപെട്ട് ഘടകകക്ഷി നേതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകുകയായിരുന്നു.