കണ്ണൂർ : മനുഷ്യന്‍റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള ലഹരിയാണ് പാട്ട്. പാട്ടിനോളം സുന്ദരമായ മറ്റെന്തുണ്ട് ഈ ലോകത്ത്..? മനസും മെയ്യും ശാന്തമാക്കാൻ സംഗീതത്തിനോളം കരുത്തുറ്റ ആയുധം മറ്റൊന്നില്ല. ഗ്രാമഫോണിലും, റേഡിയോവിലും പുറത്തേക്ക് ഒഴുകിയ എത്ര എത്ര പാട്ടുകളാണ് തലമുറകൾക്കിപ്പുറവും ആളുകൾ ഇന്നും പാടി നടക്കുന്നത്.
എത്ര എത്ര പുലരികളെ ആണ് സുന്ദരമാക്കിയത്. മൊബൈലില്‍ വിരലോടിച്ചാൽ പതിറ്റാണ്ടുകൾക്ക് അപ്പുറം ഉള്ള ഗാനങ്ങൾ പോലും ഇന്നും കേൾക്കാമെന്ന നിലയിലേക്ക് കാലം മാറി. എന്നാൽ കണ്ണൂർ മട്ടന്നൂർ മരുതായി മേറ്റടിയിലെ വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യുട്ടി രജിസ്ട്രാർ ശ്രീജിത്തിന്‍റെ വീട് കൈപിടിച്ച് നടത്തുന്നത് പതിറ്റാണ്ടുകൾക്ക് പിന്നിലേക്കാണ്.
ഗൃഹാതുരത തുളുമ്പുന്ന പഴയ കാലത്തെ പാട്ട് പെട്ടികളുടെ ലോകത്തേക്ക്. പാട്ടുകളുടെ ശേഖരങ്ങൾക്കപ്പുറം വർഷങ്ങൾ പഴക്കമുള്ള റേഡിയോകളുടെയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വലിയൊരു ശേഖരമാണ് ശ്രീജിത്തിന്‍റെ വീട്. 1905-ൽ പുറത്തിറങ്ങിയ സ്വിസർലൻഡ് കമ്പനിയുടെ ഗ്രാമ ഫോൺ മുതൽ ഇന്നത്തെ ലേറ്റസ്റ്റ് വേർഷൻ വരെ ഉണ്ട് ശ്രീജിത്തിന്‍റെ ശേഖരത്തിൽ.
10 വർഷം മുൻപ് ഡിഷ് ആന്‍റിനയിൽ തുടങ്ങിയതാണ് ശ്രീജിത്തിന്‍റെ ഫോണുകളോടും റേഡിയോകളോടും ആന്‍റിനകളോടും ഉള്ള ഇഷ്ടങ്ങൾ. 38 ഡിഗ്രി പാക് സാറ്റ്, 52.5 ഡിഗ്രിയുടെ യാ സാറ്റ്, 66 ഡിഗ്രി ഇന്‍റൽ സാറ്റ്,9 1.5 ഡിഗ്രി മീയസാറ്റ് 83 ഡിഗ്രി ജി സാറ്റ് എന്നീ ആന്‍റിനകൾ ഇന്ന് ശ്രീജിത്തിന്‍റെ വീട്ടു മുറ്റത്തുണ്ട്.വീട്ടിലെ ടിവിയിലെ ചാനലുകൾ പോലും ഈ ആന്‍റിന കൊണ്ടാണ് ചലിപ്പിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓരോ കാലഘട്ടത്തിലും ശ്രുതിമധുരം പുറത്ത് എത്തിച്ച ഇന്ത്യയുടെയും വിദേശ നിർമ്മിതവുമായ കമ്പനികളുടെ 170 ഓളം റേഡിയോകൾ ഈ സർക്കാർ ഉദ്യോഗസ്ഥന്‍റെ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ സുരക്ഷിതമാണ്. ഹിറ്റാച്ചി, ഷാർപ്, നാഷണൽ പാനാസോണിക്, സാംസങ്, ഫിലിപ്‌സ്, സോണി, ആക്കായി, സാന്യോ, ടെൻഫണ്കൺ, ടെക്‌നിക്‌സ്, എൽ ജി, കെൽട്രോൺ, ഫുനായി, ജെ വി സി, മറന്‍റാസ്, ബിപിൽ, നാഷണൽ, എച്ച്എംവി, മർഫി, ഐവ തുടങ്ങി റേഡിയോകളിൽ തൊണ്ണൂറ് ശതമാനവും പ്രവർത്തനക്ഷമമാണെന്നതാണ് മറ്റൊരു കൗതുകം.
കഴിഞ്ഞില്ല...തോംസൺ വീനസ്,സത്യം,ടിപ്‌സ്,സിതാര,നെസീരി,റഫ,മജിദ്,യൂണിവേഴ്‌സൽ,തരംഗിണി തുടങ്ങി കാസറ്റ് കമ്പനികളുടെ 3500 ഓളം കാസറ്റുകളും നാട്ടിൻ പുറത്തെ ലൈബ്രറികളിലെത് പോലെ അടുക്കി വച്ചിട്ടുണ്ട് ഇവിടെ. പത്തുവർഷം മുമ്പ് അച്ഛന്‍റെ കയ്യിൽ ഉണ്ടായിരുന്ന ടേപ് റെക്കോർഡറിൽ നിന്നാണ് റേഡിയോ ശേഖരം തുടങ്ങിയത് എന്ന് ശ്രീജിത്ത് പറയുന്നു. പിന്നീട് പലയിടത്തു നിന്നും റേഡിയോ ശേഖരിക്കാൻ തുടങ്ങി.
പല ദിക്കിൽ നിന്നും ഒഴിവാക്കി വിടുന്ന റേഡിയോകൾ സ്വയം ശേഖരിച്ചു കൊണ്ടു വന്നു സ്വയം റിപ്പയർ ചെയ്യും. അതിൽ നിന്നുള്ളൊരു പാട്ട് കേട്ടാൽ മാത്രമേ ഉറക്കം വരൂ എന്നായി പിന്നീട്. പലപ്പോഴും ജോലി കഴിഞ്ഞ് വന്നു രാത്രി 12 മണി വരെ പോലും റേഡിയോ മെക്കാനിക് ചെയ്‌തിട്ടുണ്ടെന്ന് ശ്രീജിത്ത് പറയുന്നു.
പലതും മോഹ വില നൽകിയാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും പലപ്പോഴും ഇതിന്‍റെ ഭാഗങ്ങൾ സംഘടിപ്പിക്കാൻ ഏറെ പാട് പെട്ടിട്ടുണ്ടെന്നും ശ്രീജിത്ത് പറയുന്നു. ശ്രീജിത്തിന്‍റെ പുരാവസ്‌തു ശേഖരണത്തിൽ അമ്മ. പി.വി.നാരായണി, മട്ടന്നൂർ കോടതി ജീവനക്കാരിയായ ഭാര്യ സീമ, മക്കളായ ശ്രീനന്ദു, ശ്രെയൽ എന്നിവരും പൂർണ പിന്തുണയാണ് നൽകുന്നത്. കാലം മാറും സാങ്കേതിക വിദ്യകൾ അതി വിപുലമാവും വികസിക്കും. പക്ഷേ ശ്രീജിത്തിന്‍റെ ശേഖരത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഓരോ പാട്ടുപെട്ടികളും ആയുസ് മറന്നു സുന്ദരമായി ഈണമിടും.