എറണാകുളം: ആലുവ എടത്തലയിൽ മുൻ എംഎൽഎ പിവി അൻവർ അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങി. എടത്തല പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, അസിസ്‌റ്റന്‍റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വ്യവസായിയായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് നടപടി.
11.46 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി പിവി അൻവർ സ്വന്തമാക്കിയെന്നാണ് ആരോപണം. ആലുവ ഈസ്‌റ്റ് വില്ലേജിൽ പാട്ടാവകാശം മാത്രമുള്ള ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്‌ടർക്ക് നിർദേശം നൽകിയിരുന്നു.
ജോയ്‌മത് ഹോട്ടൽ റിസോർട്‌സ് ലിമിറ്റഡിന് പാട്ടത്തിന് എടുത്ത ആലുവയിലെ 11.46 ഏക്കർ ഭൂമിയിൽ ഹോട്ടൽ കെട്ടിടം നിർമിച്ചിരുന്നു. ധനകാര്യ സ്ഥാപനമായ ടൂറിസം ഫിനാൻസ് കോർപ്പറേഷനിൽ നിന്നെടുത്ത വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതോടെ കണ്ടുകെട്ടിയ ഭൂമി, ന്യൂഡൽഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലില്‍ നിന്ന് ലേലത്തിനാണ് പിവി അൻവറിന്‍റെ പീവീസ് റിയൽറ്റേഴ്‌സ് ഇന്ത്യ ഭൂമിയുടെ 99 വർഷത്തെ പാട്ടാവകാശം സ്വന്തമാക്കിയത്.
എന്നാൽ പാട്ടഭൂമി, സ്വന്തം ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് അൻവർ ആലുവ ഈസ്‌റ്റ് വില്ലേജിൽ ഈ ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കുകയായിരുന്നുവെന്നാണ് ആരോപണം.