തിരുവനന്തപുരം : വെറ്ററിനറി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ എം ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്‌തു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ ദുരൂഹ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന പദവിയും അധികാരവും ഉപയോഗിച്ചാണ് ഗവര്‍ണറുടെ നീക്കം (sidharth death case).
ഇതുസംബന്ധിച്ച ഉത്തരവ് രാജ്ഭവന്‍ പുറപ്പെടുവിച്ചു. സര്‍വകലാശാല വിസി നൽകിയ വിശദീകരണത്തില്‍ വിസിയുടെ കൃത്യവിലോപം വ്യക്തമാണെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്‌ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടു.
ഇതുസംബന്ധിച്ച് കോടതികളിലെ രജിസ്ട്രാര്‍മാര്‍ക്ക് കത്ത് നൽകുമെന്നും അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍വകലാശാല അധികൃതരുടെ അറിവോടെയാണ് സിദ്ധാര്‍ഥിനെതിരെ ആക്രമണം നടന്നതെന്നും മരണം കൊലപാതകമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥിക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
സര്‍വകലാശാല അധികൃതരില്‍ നിന്നും വലിയ വീഴ്‌ചയുണ്ടായി. മരണമുണ്ടായാല്‍ ചാന്‍സലറെ അറിയിക്കണമെന്ന ഉത്തരവാദിത്തവും നിറവേറ്റിയില്ല. വളരെ വൈകിയാണ് അറിയിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥിയുടെ ദുരൂഹ മരണം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്‍റെ ഹൃദയശൂന്യതയും ഉത്തരവാദിത്തമില്ലായ്‌മയും വെളിപ്പെടുത്തുന്നതാണെന്ന് വിസിയെ സസ്‌പെന്‍ഡ് ചെയ്‌തുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ വൈസ് ചാന്‍സലറുടെയും സര്‍വകലാശാലയുടെയും ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം പ്രകടമാക്കുന്നതാണ് വിസി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗവര്‍ണര്‍ വ്യക്തമാക്കുന്നു.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സിപിഎമ്മിന്‍റെ ബാഹ്യ ഇടപെടല്‍ ഉണ്ടാകുന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ്, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സംഭവത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.