വയനാട് : സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡി റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ (Veterinary student Siddharth death remand report). ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർഥൻ തിരികെ കോളജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്‍റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ഥിയാണ്.
തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ഥനെ പ്രതികൾ ക്രൂരമായി മര്‍ദിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറയുന്നു. പ്രതികൾ ചെയ്‌ത കുറ്റകൃത്യങ്ങൾ വിശദീകരിച്ചാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Veterinary student suicide). ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ഥനെ മര്‍ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാര്‍ഥനെ എത്തിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ഥനെ, കോളജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇത് പ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ഥൻ തിരികെ കോളജിലെത്തി.
എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാര്‍ഥനെ തടവിൽ വച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദനം ആരംഭിച്ചത്. ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാര്‍ഥനെ പ്രതികൾ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു.
21-ാം നമ്പര്‍ മുറിയിൽ വച്ച് മര്‍ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്‍റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധപിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദിച്ചു. 17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്.