തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ നഷ്‌ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണമായി നഷ്‌ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്ട്രേഷന്‍ നമ്പര്‍, ഉടമസ്ഥന്‍റെ പേര്, മറ്റ് വിവരങ്ങള്‍ അറിയുന്നവര്‍ കല്‍പ്പറ്റ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ നേരിട്ടോ, തപാല്‍, ഫോണ്‍, ഇ-മെയില്‍ മുഖേനയോ അറിയിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു. ഫോണ്‍- 9188961929, 04936- 202607 നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ kl12.mvd@kerala.gov.in.
അടിയന്തര ധനസഹായം കൈമാറി: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്‍റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദുരന്തത്തില്‍ ജീവനോപാധി നഷ്‌ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനകം വിതരണം ചെയ്‌തു. സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നായി 12 പേര്‍ക്ക് 72 ലക്ഷം രൂപയും ധനസഹായം നല്‍കി.
മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10000 രൂപ വീതം 124 പേര്‍ക്കായി അനുവദിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 34 പേരില്‍ രേഖകള്‍ ഹാജരാക്കിയവര്‍ക്ക് ധനസഹായം നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Also Read: 'വയനാട് ദുരന്തബാധിതരുടെ സമ്പൂര്‍ണ പുനരധിവാസമാണ് സർക്കാർ ലക്ഷ്യം': വീണ ജോര്‍ജ്