എറണാകുളം : സർക്കാർ, സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങും എന്ന് ഞങ്ങൾ മുൻകൂട്ടി പറഞ്ഞതാണ്. വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയാണ്. മുമ്പ് തങ്ങൾ പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ തെറ്റായ രീതിയിലാണ് ധനകാര്യ മാനേജ്മെൻ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്. മുഴുവൻ സാമൂഹ്യ സുരക്ഷ പദ്ധതികളും അവതാളത്തിലാണ്. എഴുമാസമായി സാമൂഹ്യ സുരക്ഷ പെൻഷൻ നൽകിയിട്ടില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.
അമ്പത്തിയഞ്ച് ലക്ഷം പേരെയാണ് ഇത് ബാധിച്ചത്. ക്ഷേമ നിധി പെൻഷൻ മുടങ്ങിയിരിക്കുന്നു. പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ ഗ്രാൻ്റുകൾ ഉൾപ്പടെ മുടങ്ങിയിരിക്കുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുന്നത്. പണമില്ലാത്തതിനാലാണ് ശമ്പളം മുടങ്ങിയത്.
എന്നാൽ സർക്കാർ സാങ്കേതിക കാരണങ്ങളാലെന്ന് പറയുകയാണ്. എന്നിട്ട് മന്ത്രിമാർ പറയുന്നത് ഒരു കുഴപ്പവുമില്ലെന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എഫ് ഐക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ തന്നെ ആരോപിക്കുന്ന സിദ്ധാർത്ഥിനെ വീണ്ടും വധിക്കുകയാണ്.
വ്യാജ ആരോപണം സൃഷ്ടിച്ച്, മരിച്ചുപോയ ആളെ അപമാനിക്കാനുള്ള ശ്രമം നടത്തുകയാണ്. ആന്തൂരിൽ സാജൻ ആത്മഹത്യ ചെയ്‌തപ്പോൾ സമാനമായ രീതിയിൽ വ്യാജ പരാതികൾ ഉന്നയിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോൾ വയനാട് ജില്ലയിലെ സി പി എമ്മിൻ്റെ മുതിർന്ന നേതാവ് തന്നെ ഹാജരാവുകയാണ്. സി.പി.എം ഈ ക്രൂരമായ കൊലക്കേസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
പരസ്യമായി സി പി എം നേതാവ് അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടുകയാണ്. പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സി പി എം ആണന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മഹാമൗനത്തിലാണ്. കേരളത്തിലെ രക്ഷിതാക്കളെ മുഴുവൻ ഭീതിയിലാഴ്ത്തിയ സംഭവത്തെ കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാവാത്തത് കുറ്റബോധം കൊണ്ടാണെങ്കിൽ നല്ലത്.
ക്രിമിനലുകളെ അഴിഞ്ഞാടാൻ എല്ലാ സൗകര്യവും നൽകുന്നത് മുഖ്യമന്ത്രിയാണ്. ക്രിമിനലുകളുടെ കയ്യിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള ശ്രമവുമായി ഞങ്ങൾ ഇറങ്ങുകയാണ്. ഇന്ന് എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കും. തിങ്കളാഴ്ച യൂത്ത് കോൺഗ്രസ്, കെ എസ് യു, മഹിള കോൺഗ്രസ് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇത്തരം സംഭവങൾ ഇനി കേരളത്തിൽ ആവർത്തിക്കപ്പെടരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.