തിരുവനന്തപുരം: ദിനംപ്രതി ആരോപണ വിധേയനാകുന്ന മുകേഷ് എംഎല്‍എയ്‌ക്ക് കുട ചൂടുന്ന സിപിഎം ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സോളാര്‍ സമരം നടത്തിയതെന്തിനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി പീഡിപ്പിക്കാന്‍ സോളാര്‍ അന്വേഷണത്തിന് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് നിയോഗിച്ചത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണം സിബിഐക്ക് വിട്ടവരാണ് ഇന്ന് ഭരണത്തിലുള്ളത്.
എന്നിട്ടും ഉമ്മന്‍ചാണ്ടി മുന്‍കൂര്‍ ജാമ്യത്തിന് പോയില്ല. എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ കേസിന് ഒരു മറുവശമുണ്ടെന്ന് വ്യക്തമാക്കിയതാണ്. ഇതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്.
കോണ്‍ഗ്രസിന്‍റെ ഒരു സംഘടനയുമായി ബന്ധപ്പെട്ട വ്യക്തിക്കെതിരെ ലൈംഗികാരോപണം ഉണ്ടായപ്പോള്‍ കെപിസിസി പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ രാജി ചോദിച്ച് വാങ്ങുകയാണുണ്ടായത്. എന്നാൽ ഇവിടെ അങ്ങനെയല്ല. സിപിഎം അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുകേഷും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുമാണ്.
സിപിഎം ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. ഒരു കേസല്ല, ഒട്ടനവധി കേസുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഇപ്പോഴത്തെ ആരോഗ്യമന്ത്രി മുകേഷിന്‍റെ സഹധര്‍മ്മിണിയുമായി നടത്തിയ ഇന്‍റര്‍വ്യൂ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. അതെല്ലാം ഇപ്പോള്‍ സിപിഎം കണ്ടു കൊണ്ടിരിക്കുകയല്ലേ. മുകേഷ് രാജിവയ്‌ക്കുന്നതായിരിക്കും ഏറ്റവും ഉചിതമായ തീരുമാനം.
രഞ്ജിത്തിന്‍റെ കാര്യത്തിലും രാജി തന്നെയാണ് ഉചിതം. രാജി വയ്ക്കുമെന്നാണ് കരുതുന്നത് എന്നാണ് താന്‍ പറഞ്ഞത്. എന്നാൽ മുകേഷ് രാജി വയ്ക്കുന്നുമില്ല, സിപിഎം അതിന് സമ്മതിക്കുന്നുമില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിപിഎം യഥാര്‍ഥത്തില്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.
നിരന്തരമായി ആക്ഷേപങ്ങളില്‍പ്പെടുന്ന ഒരാള്‍ക്ക് സിപിഎം സംരക്ഷണം ഒരുക്കുന്നത് എന്ത് തരം സന്ദേശമാണ് നല്‍കുന്നത്. മാത്രമല്ല 2023 ജൂലൈയില്‍ നിലവില്‍ വന്ന സിനിമ നയരൂപീകരണ കമ്മിറ്റിയിലും മുകേഷ് അംഗമാണ്. 10 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
സമയക്കുറവ് മൂലം രണ്ടംഗങ്ങള്‍ പിന്നീട് സഹകരിച്ചില്ല. മൂന്ന് മാസത്തിനുള്ളില്‍ മുകേഷ് ഉള്‍പ്പെട്ട സമിതിയോട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാമ് അവരോട് ആവശ്യപ്പെട്ടിരുന്നത്. മുകേഷ് അടക്കമുള്ള ആളുകള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്.
അത് അത്ഭുതപ്പെടുത്തുന്നതാണ്. പക്ഷേ റിപ്പോര്‍ട്ട് പുറത്ത് കൊടുക്കരുതെന്ന് കമ്മിറ്റി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പക്ഷേ ഈ നയരൂപീകരണ സമിതിയോട് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് സിനിമ നയം രൂപീകരിക്കണമെന്നാണ്. അപ്പോള്‍ മുകേഷ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്.
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ആരോപണമുണ്ടായപ്പോള്‍ പാര്‍ട്ടി നടപടിയെടുത്തിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മുന്‍കൂര്‍ ജാമ്യം നല്‍കി കൊണ്ട് കോടതി വളരെ വ്യക്തമായാണ് കേസിനൊരു മറുവശമുണ്ടെന്ന് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ വനിത ഐപിഎസ് സംഘത്തെ നിയോഗിക്കണമെന്ന തന്‍റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ തൊട്ടിട്ടില്ല. ആരോപണ വിധേയരുടെ പേരുകള്‍ പുറത്ത് വരാതിരിക്കാന്‍ സര്‍ക്കാര്‍ പെടാപ്പാടുപെടുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
മുകേഷ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ലെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പ്രതിപക്ഷം ആദ്യം മുതല്‍ തന്നെ രാജി വയ്ക്കണം എന്ന നിലപാടാണ് എടുത്തിട്ടുള്ളത്. മുകേഷ് രാജി വയ്ക്കണം എന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് ഒരാശയക്കുഴപ്പവും ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.