തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം പരാതി നല്‍കി. സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്‌ത പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷി വോട്ടർമാർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യാനുള്ള സംവിധാനത്തിലൂടെ തിരുവനന്തപുരം ജില്ലയിൽ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലുമായി ഇതുവരെ 4,476 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇവർക്ക് ആബ്‌സന്‍റീസ് വോട്ടർ വിഭാഗത്തിൽപ്പെടുത്തിയാണ് വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നത്. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്‌പെഷൽ പോളിങ് ടീമുകൾ എത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്.
ഒരു പോളിങ് ഓഫിസർ, ഒരു മൈക്രോ ഓബ്‌സർവർ, പോളിങ് അസിസ്റ്റന്‍റ്, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരാണ് ഈ സംഘത്തിലുള്ളത്. വീട്ടിൽ വോട്ട് പ്രക്രിയ തിങ്കളാഴ്‌ച മുതലാണ് ആരംഭിച്ചത്. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ 1,748 പേരും ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ 2,728 പേരും ഇതുവരെ വോട്ട് ചെയ്‌തു. 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാരുടെ വിഭാഗത്തിൽ തിരുവനന്തപുരത്ത് 1,406 പേരും ആറ്റിങ്ങലിൽ 1,868 പേരുമാണ് വീട്ടിൽ വോട്ട് ചെയ്‌തത്.