പത്തനംതിട്ട: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പത്തനംതിട്ട റാന്നിയിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെലയും കൂടിക്കാഴ്‌ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
ന്യൂനപക്ഷ അവകാശങ്ങള്‍ പാടില്ലെന്നും അതില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട ആര്‍എസ്എസ് നേതാവാണ് ദത്താത്രേയ ഹൊസബെല. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്‍റെ ദൂതനായി എഡിജിപിയെ അയച്ചത്. ഇതിന്‍റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബിജെപിക്കുണ്ടായ അട്ടിമറി വിജയമെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ആഗ്രഹം. അതിന് എഡിജിപി വഴി മുഖ്യമന്ത്രി നല്‍കിയ ദൂതിന് തങ്ങള്‍ സഹായിക്കാം എന്നായിരുന്നു ബിജെപിയുടെ ഉറപ്പ്. അതിന്‍റെ തുടര്‍ച്ചയായാണ് തൃശൂര്‍ പൂരം കലക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.
കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എഡിജിപി സ്ഥലത്ത് ഉണ്ടായിട്ടും അവിടെ പോയില്ല. തൃശൂര്‍ പൂരം കലക്കുക എന്നത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്ലാന്‍ ആയിരുന്നു. ബിജെപിയെ ജയിപ്പിക്കാന്‍ പൂരം കലക്കണമായിരുന്നു. പൊലീസ് വഴി അത് നടപ്പാക്കി ഹിന്ദുക്കളെ കബളിപ്പിക്കുകയാണ് ചെയ്‌തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പൂരം കലക്കാന്‍ വന്നവരാണ് ആചാരത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും പറയുന്നത്. മുഖ്യമന്ത്രി കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഇതിന് മുമ്പും ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. എഡിജിപിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ മുഖ്യമന്ത്രി ഇപ്പോഴും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആര്‍എസ്എസ് നേതാവിനെ എന്തിന് എഡിജിപി കണ്ടു എന്ന് വ്യക്തമാക്കണം എന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ജോലിയുടെ ഭാഗമായിട്ടാണെങ്കില്‍ എന്തിനാണ് എഡിജിപി ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയെ കാണുന്നത്. ഒരു മണിക്കൂറോളമാണ് ഇരുവരും സംസാരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വീട്ടുകാര്യം വല്ലതുമാണോ?, അതിര്‍ത്തി തര്‍ക്കം വല്ലതും അവര്‍ തമ്മിലുണ്ടോ? എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് പൊളിറ്റിക്കല്‍ മിഷനാണ്. അതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.