തിരുവനന്തപുരം: ധനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് സാമൂഹ്യ ക്ഷേമപെൻഷനുകൾ മുടങ്ങിയതെന്നും ഒരു നുണ ആയിരം വട്ടം ആവർത്തിച്ചാൽ സത്യമാകും എന്നത് നിങ്ങളുടെ ചീട്ടുകൊട്ടാരം മാത്രമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാനെതിരെ വി ഡി സതീശൻ.
ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് പെൻഷൻ മുടങ്ങി എന്ന കാര്യം പച്ചക്കള്ളമാണെന്ന് തെളിവുകൾ നിരത്തി സഭയെ അറിയിച്ചിട്ടുണ്ട്. മൂന്നുമാസം മാത്രമാണ് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് പെൻഷൻ മുടങ്ങിയത്. അത് സാങ്കേതിക തകരാറുകൾ മൂലം സംഭവിച്ചതാണെന്നും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ശേഷം അദ്ദേഹം പറഞ്ഞു.
ധൂർത്തും അഴിമതിയും ആകരുത് സർക്കാരിന്‍റെ മുൻഗണന. 50 ലക്ഷത്തോളം സാധാരണക്കാരായ ആളുകളെ ബാധിക്കുന്ന പ്രശ്‌നമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കേരളീയത്തെക്കുറിച്ചും നവ കേരള സദസിനെ കുറിച്ചും പറയാൻ മാത്രമാണ് സർക്കാരിന് താൽപര്യം. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് പെൻഷൻ മുടങ്ങിയെന്ന് വരുത്തി തീർക്കാൻ വ്യാപകമായ പ്രചാരണമാണ് സംസ്ഥാനത്തുടനീളം സർക്കാർ നടത്തിയത്.
അധികാരത്തിന്‍റെ അഹങ്കാരവും ധിക്കാരവും ആണ് സർക്കാരിന്. ചക്കിട്ടപ്പാറയിൽ ജോസഫ് ആത്മഹത്യ ചെയ്‌തത് പെൻഷൻ കിട്ടാത്തതുകൊണ്ടല്ലെന്ന് എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ധനമന്ത്രി പറയുന്നത്. ഒരു വർഷത്തിനിടെ 28000 രൂപ കിട്ടിയാൽ ഒരു കുടുംബത്തിന് ജീവിക്കാൻ കഴിയുമോ? 5 മാസമായി സർക്കാർ പെൻഷൻ കൊടുക്കുന്നില്ല. എന്നിട്ട് പഴയ കണക്ക് പറയുകയാണ്. വന്ദ്യവയോധികയായ ഒരു സ്ത്രീയെ സൈബർ ഇടങ്ങളിൽ ഇപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.
മറിയക്കുട്ടിയെ എത്രമാത്രം മോശമായാണ് സിപിഎം സൈബർ ഇടങ്ങളിൽ ആക്രമിച്ചത്. ദേശാഭിമാനി മാപ്പു പറഞ്ഞിട്ടും ആക്രമണം നിർത്തുന്നില്ല. ഇതുതന്നെയാണ് ജോസഫിനും ആന്തൂരിലെ സാജനും എതിരെ ഉണ്ടായത്. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്ത് 14 ലക്ഷം പേർക്കാണ് പെൻഷൻ നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് അത് 32 ലക്ഷം ആക്കി വർദ്ധിച്ചുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.