തിരുവനന്തപുരം: ആര്‍എംപി നേതാവ് കെഎസ് ഹരിഹരൻ്റെ വീട് ആക്രമിച്ചതില്‍ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹരിഹരൻ്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം തെറ്റാണെന്ന് യുഡിഎഫും ആര്‍എംപിയും വ്യക്തമാക്കിയതാണ്. പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിര്‍ദേശം ഹരിഹരന്‍ അംഗീകരിക്കുകയും ചെയ്‌തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാര്‍ഹമാണ്.
'മാപ്പ് പറയലില്‍ തീരില്ല' എന്ന സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ്റെ പ്രസ്‌താവന അക്രമത്തിനുള്ള ആഹ്വാനമാണ്. അതുകൊണ്ടു തന്നെ ഹരിഹരൻ്റെ വീട് ആക്രമിച്ചതില്‍ ഒന്നാം പ്രതി സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയാണ്. തെങ്ങിന്‍ പൂക്കുല പോലെ ടിപി ചന്ദ്രശേഖരൻ്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്‌ത പാര്‍ട്ടിയാണ് സിപിഎം.
Also read : കെഎസ് ഹരിഹരന്‍റെ വീടിനുനേരെയുണ്ടായ ആക്രമണം : കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെ കേസ്
അതേ മാതൃകയില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സിപിഎം ഇനിയും ശ്രമിക്കേണ്ട.
ആര്‍എംപിയുടെ ഉദയത്തോടെ വടകരയില്‍ സിപിഎമ്മിൻ്റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടിപിയെ പോലെ ആര്‍എംപിയെയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യുഡിഎഫ് പ്രതിരോധിക്കുമെന്ന് സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.