കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ വീണ്ടും രാജി. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വിസി ചാണ്ടി രാജിവെച്ചു. പാർട്ടിയിൽ മോൻസ് ജോസഫിൻ്റെ ഏകാധിപത്യമാണുള്ളതെന്നും ഇതേ തുടർന്നാണ് രാജി വെച്ചതെന്നും വിസി ചാണ്ടി പറഞ്ഞു. കോട്ടയത്തെ സ്ഥാനാർഥി വിശ്വസ്‌തനല്ല. സ്ഥാനാർഥി നിർണയത്തില്‍
വിയോജിപ്പ് ഉണ്ടെന്ന് പിജെ ജോസഫിനോട് പല തവണ പരാതിപ്പെട്ടിടും നടപടി ഉണ്ടായില്ലെന്നും ചാണ്ടി ആരോപിച്ചു.
കോട്ടയം പ്രസ് ക്ലബ്ബിൽ വച്ചായിരുന്നു രാജി പ്രഖ്യാപനം. കർഷകർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന തീരുമാനത്തോടെ ആരംഭിച്ച പാർട്ടി ഇന്ന് കർഷകരുടെ താൽപര്യം സംരക്ഷിക്കുന്ന കാര്യത്തിൽ നിഷ്ക്രിയമാണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസി ചാണ്ടി സംസ്ഥാന കമ്മിറ്റി അംഗം, പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്‍റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, 1991 മുതൽ 15 വർഷം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടി ഉന്നത അധികാര സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാന സീനിയർ വൈസ് ചെയർമാനായി രണ്ടാം വട്ടവും പ്രവർത്തിച്ചു വരവെയാണ് രാജി. ഇന്നലെ കൊല്ലം ജില്ല പ്രസിഡൻ്റ് അറയ്ക്കൽ ബാലകൃഷ്‌ണ പിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു.
ALSO READ: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വീണ്ടും പൊട്ടിത്തെറി