കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരായ പ്രചാരണങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷമെന്ന പോലുള്ള ചിലരാണ് ഇതിന് പിന്നില്‍. ഇത് ഒറ്റപ്പെട്ട പ്രചരണങ്ങളാണ്. ഫേസ്ബുക്ക് പോസ്റ്റോ അഭിപ്രായ പ്രകടനങ്ങളോ നടത്തി അവര്‍ സംതൃപ്‌തി അടയട്ടെയെന്നും മന്ത്രി പറഞ്ഞു.
ആരും ആരെയും പ്രേരിപ്പിക്കാതെയാണ് കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തുന്നത്. പെന്‍ഷന്‍ കിട്ടിയ ഒരു ലക്ഷം രൂപയുമായി ഒരു സ്‌ത്രീ വന്നിരുന്നു. ഇത് ഒരു വികാരമാണ്. സംസ്‌കാരവും സാമൂഹിക ബോധവുമുളള എല്ലാവരും വയനാടിനെ കൈപിടിച്ചുയര്‍ത്താനുളള സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നാട് കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ സര്‍വതും നഷ്‌ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ജാതിമത രാഷ്ട്രീയ വ്യത്യാസം ഒന്നുമില്ലാതെ നാടൊന്നാകെ ഓടിയെത്തുകയാണ്. പ്രളയത്തിന്‍റെ സമയത്തും കൊവിഡിന്‍റെ സമയത്തും ഈ ഒരുമ നമ്മള്‍ കണ്ടതാണ്. നാടിന്‍റെ ഈ ഒരുമയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലയെന്നും മന്ത്രി പറഞ്ഞു.
വയനാട്ടില്‍ സംഘടിപ്പിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തിരുന്നു. വിവധ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്നുളളവരും സമുദായത്തില്‍ നിന്നുളളവരും പങ്കെടുത്തു. എല്ലാവരും ചേര്‍ന്നുളള ടീം വര്‍ക്കാണ് വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.