ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി വീണ്ടുമൊരു പൊന്നോണം. പൂവിളികളുമായി ഓണത്തെ വരവേല്‍ക്കാന്‍ വേണ്ടതെല്ലാം ഒരുക്കുന്ന അവസാനവട്ട തിരക്കിലാണ് മലയാളികള്‍. ഓണഘോഷത്തിന്‍റെ ഒന്‍പതാംനാളായ ഉത്രാടദിനത്തില്‍ ഉപ്പേരിവറുക്കലും അച്ചാറുണ്ടാക്കലും മറ്റുമായി തകൃതിയിലാണ് കേരളത്തിലെ വീടുകള്‍.
അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ 21 -ാ മത്തെ നക്ഷത്രമാണ് ഉത്രാടം. എല്ലാ മാസത്തിലും ഈ നക്ഷത്രങ്ങളൊക്കെ കടന്നു വരുന്നുണ്ടെങ്കിലും ചിങ്ങത്തിലെ ഉത്രാടം മുതല്‍ ഉത്രട്ടാതി വരെയുള്ള ദിവസങ്ങള്‍ മലയാളികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്.
മലയാളികള്‍ ഒരാണ്ടു മുഴുവന്‍ കാത്തിരിക്കുന്ന പൊന്നിന്‍ ചിങ്ങത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് കള്ളക്കര്‍ക്കടകത്തെക്കുറിച്ച് പറയണം. വറുതിയുടെ മാസമാണ് കര്‍ക്കടകം. നിലയ്ക്കാത്ത മഴ, ചോര്‍ന്നൊലിക്കുന്ന വീട്, ഈര്‍പ്പം കയറിയ തറയും പുക പൊങ്ങാത്ത അടുപ്പും... കൃഷിപ്പണികള്‍ ഒന്നുമില്ല. ചിങ്ങത്തില്‍ കൊയ്‌തെടുക്കേണ്ട നെല്ല് കതിരു വഴങ്ങിയിരിക്കും. അതാണ് കതിരുകണ്ട പഞ്ഞം.
ഓണത്തെ വരവേല്‍ക്കാന്‍ കര്‍ക്കടകത്തില്‍ പഞ്ഞം കളയും. ഒരു മുറത്തിനകത്ത് ചൂലും മറ്റു പഴകിയ അടുക്കള സാധനങ്ങളുമെടുത്ത് രാത്രിയില്‍ വയല്‍ വരമ്പില്‍ കൊണ്ടുപോയി കളയും. അതാണ് പഞ്ഞം കളയല്‍. ''പഞ്ഞവും പഴന്തുണിയും പുറത്തേ പോ, നെല്ലും പണവും അകത്തേ വാ' എന്ന് ചൊല്ലിക്കൊണ്ടാണ് പഞ്ഞം വയല്‍ വരമ്പില്‍ കൊണ്ടു വയ്ക്കുന്നത്. കര്‍ക്കടകത്തിലെ ഒന്നുമില്ലായ്‌മയാണ് ഓണത്തെ മാധുര്യമുള്ളതാക്കുന്നത്. ഇങ്ങനെയുള്ള മിഥുനം, കര്‍ക്കടക മാസങ്ങള്‍ അന്നത്തെ ഭൂരിഭാഗം വീടുകളുടേയും പൊതുസ്വഭാവമായിരുന്നു.
ഇനിയാണ് ഉത്രാടം. ഒന്നാം ഓണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിവസം. ജന്‍മി-കുടിയാന്‍ വ്യവസ്ഥിതി ശക്തമായിരുന്ന കാലത്ത് തറവാടുകളിലേക്ക് കാഴ്ചക്കുലകള്‍ അടക്കമുള്ള വിഭവങ്ങളുമായി കര്‍ഷക തൊഴിലാളികളും മറ്റു ജോലിക്കാരും എത്തും. ഓണത്തിന് ആവശ്യമുള്ള വിഭവങ്ങള്‍ തറവാട്ടു കാരണവര്‍ അവര്‍ക്കു നല്‍കും.
ഉത്രാടപ്പാച്ചില്‍ ഓണവുമായി ബന്ധപ്പെട്ട ഒരു ശൈലി തന്നെയാണ്. ഉത്രാട ദിവസത്തെ തിരക്ക്. ജോലിത്തിരക്കും ഓണ വിഭവങ്ങള്‍ തയ്യാറാക്കാനുമുള്ള തിരക്കാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അരി മുതല്‍ എല്ലാം സംഘടിപ്പിക്കണം. കുഞ്ഞുങ്ങള്‍ക്ക് തുണി എടുക്കണം. മുതിര്‍ന്നവര്‍ക്ക് അപൂര്‍വ്വമായിട്ടായിരിക്കും വസ്‌ത്രം വാങ്ങുന്നത്. കാരണം, അതിനുള്ള പണം പഴയ തലമുറയില്‍പ്പെട്ട പലരുടേയും കുടുംബത്തില്‍ ഉണ്ടാകുമായിരുന്നില്ല.
മരച്ചീനിയും വാഴക്കയും വറുക്കുന്ന ദിനമാണ് ഉത്രാടം. ഏത്തയ്ക്ക അക്കാലത്ത് വിലകൂടിയ വിഭവമായിരുന്നു. ഓണത്തിനുവേണ്ടിയും പിടിയരിച്ചിട്ടി, ഓണച്ചിട്ടി എന്നൊക്കെ പേരിലുള്ള സമ്പാദ്യം ഉണ്ടായിരുന്നു. അതെല്ലാം അമ്മമാരുടെ ഓണത്തിനു വേണ്ടിയുള്ള കരുതലുകളാണ്. ഉത്രാടപ്പകല്‍ ഓടി നടന്നു പല സാധനങ്ങളും സംഘടിപ്പിച്ചു വയ്ക്കും. ഉത്രാട രാത്രി മുഴുവന്‍ ഉപ്പേരിയും അച്ചാറുമടക്കം ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിന്‍റെ തിരക്കില്‍ ശബ്‌ദമുഖരിതമായിരിക്കും ഓരോവീടിന്‍റെയും അടുക്കള.
ചീനി പൊളിക്കുക, വാഴയ്ക്ക പൊളിക്കുക ഇവ പലപ്പോഴും വീട്ടിലെ കുട്ടികളുടെ ജോലിയാണ്. അന്ന് എല്ലാ അടുക്കളയിലും ഉണ്ടായിരുന്നതും ഇന്ന് അപൂര്‍വ്വവുമായ ഒരിനമാണ് കളിയടയ്ക്ക. അരിമാവ് കുഴച്ച് ജീരകം അരച്ച് ചേര്‍ത്ത് ഉരുട്ടിയെടുത്ത് തിളച്ച എണ്ണയിലേക്ക് ഇടുമ്പോള്‍ പൊട്ടിത്തെറിക്കുന്നതും ചൂട് എണ്ണത്തുള്ളികള്‍ മുഖത്ത് പറ്റുന്നതും ഉത്രാടത്തിന്‍റെ ഓര്‍മ്മയില്‍ തെളിയുന്ന ചിത്രമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാട വിളക്ക് തയ്യാറാക്കും. ഏകദേശം നാലടി പൊക്കത്തില്‍ വാഴ വെട്ടിയെടുത്ത് കുഴിച്ചിടുന്നു. ഓലമടലു കീറി മടപ്പൊള്ളി എടുത്ത് ഇപ്പോഴത്തെ മണ്‍ചിരാതിന്‍റെ വലുപ്പമുള്ള ചെറിയ വിളക്ക് വയ്ക്കുന്നതിനു വേണ്ടി വളച്ചു കുത്തി വയ്ക്കും. ഇതില്‍ മരോട്ടിക്കായ രണ്ടായി പകുത്ത് അതിലെ കുരു കളഞ്ഞ് പുന്നയ്ക്ക എണ്ണയൊഴിച്ച് കത്തിക്കും. പ്രജകളെ കാണാന്‍ മടങ്ങി വരുന്ന മാവേലിയെ കൊളുത്തി വച്ച വിളക്കിന് അകമ്പടിയോടെ സ്വീകരിക്കുന്നു എന്നാണ് ഈ ചടങ്ങിന് പിന്നിലുള്ള വിശ്വാസം.
പൂര്‍വ്വികരെ പ്രീതിപ്പെടുത്താന്‍ ഉത്രാടദിവസം നിലവിളക്കുകൊളുത്തുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. വിളക്കിനു മുന്നില്‍ ഓണവിഭവങ്ങള്‍ തൂശനിലയില്‍ ചിട്ടയോടെ വിളമ്പും. ഇതു കഴിക്കാന്‍ എന്നോ മരിച്ചു പോയ കാരണവന്‍മാര്‍ എത്തുമെന്നാണ് വീട്ടുകാരുടെ ധാരണ. സാധാരണഗതിയില്‍ ഭക്ഷണം കഴിച്ചു കഴിയുന്ന സമയം കണക്കാക്കി തിരികെ എടുത്ത് സ്‌ത്രീജനങ്ങളില്‍ മുതിര്‍ന്നയാള്‍ അത് ആദരവോടെ കഴിക്കും.
ഉപ്പേരി വറുത്ത് മണ്‍കലത്തില്‍ വാട്ടിയ വാഴയിലകൊണ്ട് മൂടിക്കെട്ടി വയ്ക്കും. നാളെത്തെ തിരുവോണ സദ്യയ്ക്കെടുക്കാന്‍... സാമ്പാര്‍, ഇഞ്ചി, നാരങ്ങ തുടങ്ങിയ വിഭവങ്ങളും ഇതു പോലെ ഉത്രാട രാത്രിയില്‍ തന്നെ പുത്തന്‍ മണ്‍കലങ്ങളില്‍ തയാറാക്കി വാഴയില കൊണ്ട് മൂടി വയ്ക്കും. ... പരമ്പരാഗത രീതിയനുസരിച്ച് 28 വിഭവങ്ങള്‍ അടങ്ങിയതാണ് ഓണസദ്യ. കഷ്‌ടപ്പാടിനും പട്ടിണിക്കും അല്പദിവസത്തേക്കെങ്കിലും ഇടവേള കൊടുക്കാന്‍.
പൂ പറിക്കലും പൂക്കളമിടലുമായി വീട്ടിലെ കുട്ടികളും കളം നിറയും പുലികളിയും കരടികളിയും തിരുവാതിരയുമെല്ലാം ഉത്രാട-തിരുവോണ രാവുകള്‍ക്ക് നിറം പകരുന്നു.
എല്ലാ മലയാളികള്‍ക്കും ഇടിവി ഭാരതിന്‍റെ ഹൃദ്യമായ തിരുവോണാശംസകള്‍.....
Also Read: ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; രാപ്പകലില്ലാതെ ജനത്തിരക്ക് -