കാസർകോട്: ഉപ്പള ആക്‌സിസ് ബാങ്കിലെ എടിഎമ്മിലേക്ക് പണം നിറയ്ക്കാൻ കൊണ്ടു വന്ന വാനിൽ നിന്ന് 50 ലക്ഷം രൂപ കവർന്ന കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. മുത്തു കുമരൻ എന്ന മുത്തുവിനെയാണ് തിരുച്ചിറപ്പള്ളി രാംജി നഗറിൽ വെച്ച് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. മാർച്ച് 27ന് ആണ് കേസിനാസ്‌പദമായ സംഭവം.
ഉപ്പള ആക്‌സിസ് ബാങ്കിൻ്റെ എടിഎമ്മിൽ പണം നിറയ്‌ക്കാൻ വന്ന KL 07 CC 0358 നമ്പർ വാനിൻ്റെ ചില്ല് നിമിഷ നേരം കൊണ്ട് തകർത്താണ് തമിഴ്‌നാട് തിരുട്ടുഗ്രാമം സ്വദേശികളായ മൂന്ന് പേർ പണം കവർന്നത്.
കാസർകോട് ജില്ലാ പൊലീസ് മേധാവി ശിൽപയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി സുനിൽ കുമാർ, മഞ്ചേശ്വരം ഇൻസ്‌പെക്‌ടർ ടോൾസൺ ജോസഫ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.