കണ്ണൂർ: നഗരത്തിൽ മലമ്പനി കേസുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ ശുചിത്വമില്ലാതെ പെട്ടിക്കടകൾ പ്രവർത്തിക്കുന്നത് വെല്ലുവിളിയാകുന്നു. ആരോഗ്യ വിഭാഗം ഒരു കടയിൽ നടത്തിയ പരിശോധനയിക്കിടയിൽ ചായ വയ്‌ക്കാനുള്ള വെള്ളത്തിൽ ഈഡിസ് കൊതുകിന്‍റെ കൂത്താടികളെ കണ്ടെത്തി. കൂടാതെ ചായ ഉണ്ടാക്കാൻ സ്‌റ്റൗവിൽ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്‌റ്റിക് ബാരലിലും ലാർവയും വണ്ടും പുഴുവും ഉള്ളതായും കണ്ടെത്തി.
കോർപ്പറേഷൻ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങലക്കിടെയാണ് ചായക്കടകളിലെ വെള്ളത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ആരോഗ്യവിഭാഗം കണ്ടെത്തുന്നത്. മുനീശ്വരൻ കോവിലിന് മുന്നിലെ സി സുലോചനയുടെ പേരിലുള്ള മിൽമ ബൂത്തിലാണ് മൂക്കിൽ വിരൽ വച്ചു പോകും വിധം ഉള്ള കാഴ്‌ചകൾ. പരിശോധനക്ക് പിന്നാലെ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം കട പൂട്ടിച്ചു. കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം അടച്ചു പൂട്ടിച്ചത്. കണ്ണൂർ ടൗണിലുൾപ്പെടെ ഡെങ്കി പനി, മലമ്പനി വ്യാപനമായതോടെ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ കർശന നടപടികൾ ആണ് സ്വീകരിച്ചു വരുന്നത്.
ആഴ്‌ചയിൽ രണ്ടു ദിവസമെങ്കിലും വാട്ടർ ടാങ്കുകൾ വൃത്തിയാക്കി പുതിയ വെള്ളം സംഭരിക്കണമെന്നു കർശന നിർദേശം നൽകിയിരുന്നു. വരും ദിവസങ്ങളിലും ഹോട്ടലുകൾ, ലോഡ്‌ജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും പരിശോധന തുടരുമെന്ന് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ എം സുധീർ ബാബു പറഞ്ഞു. ചിലയിടങ്ങളിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്ത നിലയിലും, വാട്ടർ ടാങ്കുകൾ മൂടി വെക്കാത്ത നിലയിലും കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ സി ആർ സന്തോഷ് കുമാർ, എ വി ജൂന റാണി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കേരളത്തിലെത്തുന്ന മറുനാടൻ തൊഴിലാളികളിൽ ആണ് സാധാരണ മലമ്പനിയും മന്തും കണ്ടുവന്നിരുന്നത്. എന്നാൽ തദ്ദേശീയമായി നാല് കേസുകൾ താവക്കര ഭാഗത്ത് കണ്ടെത്തിയതോടെയാണ് പരിശോധന ഊർജിതമാക്കിയത്.
താവക്കരയിലെ ബസ്‌റ്റാൻഡിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയാണ് ആരോഗ്യ വിഭാഗം. രോഗികളെ അതിവേഗം കണ്ടെത്തി ശരിയായ ചികിത്സ നൽകി രോഗസക്രമണം തടയുക എന്നതാണ് ആരോഗ്യവിഭാഗം ലക്ഷ്യമിടുന്നത്. കൊതുകിനെ നശിപ്പിക്കാൻ വെക്‌ടർ കണ്ട്രോൾ വിഭാഗം രാത്രിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
രാത്രി ജോലി ചെയ്യുന്നവരിൽ രക്ത പരിശോധനകൾ നടത്താൻ പ്രത്യേക സംഘവും പ്രവർത്തിക്കുന്നു. മറുനാടൻ തൊഴിലാളികളിൽ മലമ്പനി മന്ത് എന്നിവയുണ്ടോ എന്നിവ പരിശോധിച്ചിരുന്ന മിസ്‌റ്റ് സംഘം ഇപ്പോൾ രാത്രി 12 മണി വരെയാണ് പ്രത്യേക പരിശോധനകൾ നടത്തുന്നത്. രാത്രിയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ ഓട്ടോ തൊഴിലാളികൾ സുരക്ഷജീവനക്കാർ ഹോട്ടൽ ജീവനക്കാർ എന്നിവരിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
10 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്‌റ്റ്, സ്ലൈഡ് സ്‌മിയർ പരിശോധനകൾ എന്നിവയും നടത്തുന്നുണ്ട്. പനി ഉള്ളവരിൽ പ്രത്യേക ടെസ്‌റ്റ് വേറെയും. പൊതു ഇടങ്ങളിലെ ഫോഗിങ്ങിന് പുറമേ സാധ്യത പ്രദേശങ്ങളിൽ വീടുകളിൽ സ്ഥാപനങ്ങൾ എന്നിവയിലും പ്രത്യേക ഫോഗിങ് നടത്തുന്നുണ്ട്. പകൽ കടിക്കുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി വരുന്നത്. രാത്രിയിൽ കടിക്കുന്ന അനോഫിലസ് കൊതുകു വഴി മലമ്പനിയും. അതിനാൽ കൊതുക് കടി ഏൽക്കാതെ നോക്കുക എന്നതാണ് മലമ്പനിയും ഡെങ്കിപ്പനിയും തടയാനുള്ള ഏക പ്രതിരോധ മാർഗം.
മാരകമായ മലമ്പനി
കൊതുക്‌ജന്യ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മലമ്പനി. പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ് മോഡിയം ഫാൽസിപ്പാരം, പ്ലാസ്‌മോഡിയം മലേറിയ എന്നീ ഏകകോശ ജീവികളാണ് ഈ രോഗത്തിന് കാരണമാകുന്നത്. അനോഫിലസ് കൊതുകളാണ് മലമ്പനി പരത്തുന്നത്. ഈ കൊതുക് സാധാരണയായി രാത്രിയിലാണ് കടിക്കുക. അത് കൊണ്ട് തന്നെ രാത്രികാലങ്ങളിലാണ് രോഗസക്രമണം നടക്കുക.
രോഗാണു ശരീരത്തിൽ പ്രവേശിച്ച് 9 മുതൽ 14 ദിവസത്തിനകം മലമ്പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഇടവിട്ടുള്ള ശക്തമായ പനി കുളിരും വിറയലും, പനി മാറുമ്പോൾ ഉള്ള അമിതമായ വിയർപ്പ്, തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ മലമ്പനി മരണത്തിലേക്ക് വരെ എത്തും. വിളർച്ചയും കരൾ പ്ലീഹ മുതലായയുടെ വീക്കവും ഉണ്ടാക്കാം.