എറണാകുളം : കലൂർ സ്‌റ്റേഡിയത്തിലെ വേദിയിൽ നിന്ന് ഉമ തോമസ് എംഎൽഎ വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്‌റ്റേജിലെ അസൗകര്യവും സുരക്ഷാ ബാരിക്കേഡ് ഇല്ലാത്തതുമാണ് ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ കൂട്ടായ്‌മയുടെ ഗുരുതരമായ അനാസ്ഥയാണ് എംഎൽഎയെ അപകടത്തിലേക്ക് തള്ളിവിട്ടതെന്ന ആരോപണം ശരിവയ്‌ക്കുന്നത് കൂടിയാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ.
അതേ സമയം പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്ത് ഉണ്ടായിട്ടും സുരക്ഷാ പ്രശ്‌നം സമയോചിതമായി ചൂണ്ടികാണിക്കാൻ കഴിയാതിരുന്നതും വീഴ്‌ചയാണന്ന വിമർശനവും ഉയരുന്നുണ്ട്. സംഘാടകരായ മൃദംഗ വിഷൻ ചുമതലക്കാരൻ നിഗോഷ് കുമാർ, ഓസ്‌കാർ ഇവന്‍റ്സ് മാനേജ്മെന്‍റ് നടത്തിപ്പുകാരൻ ജിനേഷ് കുമാർ എന്നിവർ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകും. പ്രതികളായ ഇരുവരോടും ഇന്ന് ഉച്ചയ്ക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
മൃദംഗ വിഷൻ കൂട്ടായ്‌മ ഞായറാഴ്‌ച (ഡിസംബര്‍ 29) വൈകുന്നേരം ആറുമണിയോടെ നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അപകടം. മന്ത്രി സജി ചെറിയാൻ ഉൾപ്പടെ ഇരിക്കുകയായിരുന്ന വിഐപി വേദിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. വേദിയിലിരുന്ന എംഎൽഎ പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് നടക്കവെ, വേദിയിലെ താത്‌കാലിക റെയിൽ റിബണിൽ പിടിച്ചതോടെയാണ് താഴേക്ക് വീണത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്നും താഴേക്ക് വീണ എംഎൽഎക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് സിടി സ്‌കാൻ ഉൾപ്പടെയുള്ള പരിശോധനകൾ നടത്തിയതോടെയാണ് പരിക്ക് ഗുരുതരമാണന്ന് കണ്ടെത്തിയത്. തുടർന്ന് എംഎൽഎയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എംഎൽഎയുടെ തലയ്ക്കും വാരിയെല്ലിനും ശ്വാസകോശത്തിനുമാണ് പ്രധാനമായി പരിക്കുള്ളത്.
Also Read: പുതുവത്സരാശംസകൾ നേർന്ന് ഉമാ തോമസ് എംഎൽഎ; ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ