എറണാകുളം: കലൂരിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. എംഎല്‍എയ വെന്‍റിലേറ്ററില്‍ നിന്നും മാറ്റി. ഉമ തോമസ് അപകടനില പൂര്‍ണമായും തരണം ചെയ്‌തിട്ടില്ലെന്നും തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നുമാണ് വിവരം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഉമ തോമസ് ഡോക്‌ടര്‍മാരോടും മക്കളോടും സംസാരിച്ചുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അപകടം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് എംഎല്‍എയെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയത്. മെഗാ ഭരതനാട്യത്തിലൂടെ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടന വേദിയില്‍ നിന്നും വീണാണ് ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീണ എംഎല്‍എയെ ഉടൻ തന്നെ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.