കൊല്ലം: വോട്ടിങ് മെഷീനിൽ ബാലറ്റ് സെറ്റിങിന് വേണ്ടി ബാലറ്റ് പരിശോധിച്ചപ്പോൾ യുഡിഎഫ് ചിഹ്നം മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ച് ചെറുതും തെളിച്ചമില്ലാത്തതുമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിനിധികൾ വോട്ടിങ് മെഷീൻ കമ്മിഷനിങ് ബഹിഷ്‌കരിച്ചു. യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ്റെ മൺവെട്ടിയും, മൺ കോരിയും എന്ന ചിഹ്നം മറ്റ് സ്ഥാനാർഥികളുടെ ചിഹ്നത്തെ അപേക്ഷിച്ച് ചെറുതും ശ്രദ്ധിക്കാത്ത തരത്തിലുമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതിനെതിരെ യുഡിഎഫ് പ്രതിനിധികൾ ജില്ല കളക്‌ടർക്ക് പരാതി നൽകി.
എൽഡിഎഫും, ബിജെപിയും തമ്മിലുള്ള അന്തർധാര ഇതിലൂടെ പ്രകടമായിരിക്കുകയാണെന്ന് യുഡിഎഫ്. ലോക്‌സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം എം നസീർ അരോപിച്ചു. യുഡിഎഫ് നേതാക്കളായ എ എ അസീസ്, കെ എസ് വേണുഗോപാൽ, ഡി ഗീതാകൃഷ്‌ണൻ, പി ആർ പ്രതാപചന്ദ്രൻ, അഡ്വ. റാം മോഹൻ, തേവള്ളി ആർ സുനിൽ, കൃഷ്‌ണവേണി ശർമ്മ എന്നിവരും പരാതി നൽകാൻ എത്തിയിരുന്നു.
ALSO READ : കാസര്‍കോട്ടെ മോക്ക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ; കൃത്രിമത്വമെന്ന് പരാതി