തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥിന്‍റെ മരണം എസ്എഫ്‌ഐ ക്രിമിനലുകളുടെ മര്‍ദനം മൂലമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. പ്രതികളെ സംരക്ഷിക്കുന്നത് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. 11 ദിവസം പ്രതികളെ സിപിഎം നേതൃത്വം ഒളിപ്പിച്ചു വച്ച ശേഷം അവരെ പൊലീസിനു മുന്നില്‍ കൊണ്ടുപോയി കീഴടക്കി. ഇതിന്‍റഎയെല്ലാം പിന്നില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കല്‍പ്പറ്റ എംഎല്‍എയുമായ സികെ ശശീന്ദ്രനാണ്.
സിദ്ധാര്‍ഥിന്‍റെ പിതാവ് പറയുന്നത് സിദ്ധാര്‍ഥിനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിക്കുകയും ഇലക്ട്രിക് വയര്‍ കൊണ്ട് കഴുത്തില്‍ വരിഞ്ഞു മുറുക്കകയും ചെയ്‌തുവെന്നാണ്. അപ്പോള്‍ മാരകായുധങ്ങള്‍ കൊണ്ട് സിദ്ധാര്‍ഥിനെ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നത് വ്യക്തമാണ്.
എന്നാല്‍ എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുന്നതിനു പകരം ആത്മഹത്യ പ്രേരണ എന്ന ദുര്‍ബലമായ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സിദ്ധാര്‍ഥിന്‍റെ പിതാവ് പറയുന്നത് മകനെ കൊലപ്പെടുത്തിയത് മുപ്പതിലധികം പേര്‍ ചേര്‍ന്നാണ് എന്നാണ്. എന്നാല്‍ 18 പേരെ മാത്രമമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണ്. ഈ സംഭവം കേരള പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നഅ ഉറപ്പാണ്.
ഈ സാഹചര്യത്തില്‍ കേസന്വേഷണം അടിയന്തിരമായി സിബിഐക്കു കൈമാറണം. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സംഭവത്തെ കുറിച്ച് സിറ്റിംഗ് ജഡ്‌ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വയ്ക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് 7ന് സംസ്ഥാന വ്യാപകമയി യുഡിഎഫ് മണ്ഡലം കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും.
ക്ലിഫ് ഹൗസില്‍ നിന്ന് പത്തോ ഇരുപതോ കിലോമീറ്റര്‍ മാത്രം അകലെയുള്ള സിദ്ധാര്‍ഥിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ തയ്യാറയപ്പോള്‍ എന്തു കൊണ്ട് മുഖ്യമന്ത്രി അതിന് തയ്യാറാകുന്നില്ല.കേരളത്തിലെ കോളേജുകളെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ പാര്‍ട്ടി കാമ്പസുകളാക്കിയിരിക്കുകയാണ് എസ്എഫ്‌ഐ.
നവകേരള സദസില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ക്ക് രക്ഷാപ്രവര്‍ത്തനം എന്ന സര്‍ട്ടിഫിക്കേറ്റ് നല്‍കിയ മുഖ്യമന്ത്രിയാണ് ഇത്തരം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു.
ഇതുപോലെ ദയനീയമായി പരാജയപ്പെട്ട ഒരു സര്‍ക്കാരും ധനമന്ത്രിയും കേരളത്തിന്‍റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രി ഒന്നിനും വാതുറക്കുന്നില്ല. മുഖ്യമന്ത്രി മുഖാമുഖം പരിപാടി നടത്തുകയാണ്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോയെന്നും ഹസന്‍ ചോദിച്ചു.