തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തെ തടയുന്നതിൽ സർക്കാർ പരാജയം ആണെന്ന് ആരോപിച്ച് യുഡിഎഫിന്‍റെ പ്രതിഷേധ മാര്‍ച്ച്. മലയോര മേഖലയിലെ യുഡിഎഫ് എംഎൽഎമാർ നിയമസഭയിൽ നിന്നും വനമന്ത്രിയുടെ വസതിയിലേക്കാണ് മാർച്ച് നടത്തിയത് (Udf March Against Forest Minister AK Saseendran).
മലയോര മേഖലകളിൽ വന്യജീവികളുടെ ആക്രമണം പതിവായിട്ടും ബജറ്റിൽ അടക്കം അവഗണനയാണ് ഉണ്ടായെതെന്നും, ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു മാർച്ച്.
പ്രതിഷേധ മാർച്ച് മസ്‌കറ്റ് ഹോട്ടലിനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു.
സാധാരണക്കാരാണ് വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നും ആക്രമണ സമയത്ത് ആവശ്യമായ നടപടികൾ എടുക്കാത്ത വനംമന്ത്രി രാജിവെക്കണമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉപജീവനം നടത്താൻ പോലും സാധിക്കാതെ മലയോര ജനത ബുദ്ധിമുട്ടുകയാണ്. എന്നാൽ സർക്കാർ ഇതൊക്കെയും ലാഘവത്തോടെയാണ് കാണുന്നത്. ഈ സമരം സൂചന മാത്രമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.