കണ്ണൂർ: വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കേരളത്തിന്‍റെ വികസന ചരിത്രത്തിന്‍റെ വലിയ വികസന കുതിപ്പാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഉമ്മൻചാണ്ടി സർക്കാർ ആണ്. ഇതിനെ തകർക്കാൻ ശ്രമിച്ചവരാണ് അതിന്‍റെ പിതൃത്വം ഏറ്റെടുത്ത് ഇന്ന് രംഗത്ത് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ പദ്ധതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനാണ്. ആരോപണമുന്നയിച്ച് ഉമ്മൻ ചാണ്ടി സർക്കാരിനെ മാനസികമായി തകർക്കാനാണ് പിണറായിയും കൂട്ടരും അന്ന് ശ്രമിച്ചത്. ഒരു കമ്പനിയും രംഗത്ത് വരാത്ത സാഹചര്യത്തിൽ ശശി തരൂർ ഉൾപ്പെടെയുള്ള എഐസിസി നേതാക്കൾ അദാനിയെ കണ്ട് ചർച്ച നടത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നും എം എം ഹസൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്‍റെ കരുത്താണ് പദ്ധതി നടപ്പായതെന്നും. അതിന്‍റെ നേട്ടം പിണറായിക്ക് എങ്ങനെ അവകാശപ്പെടാൻ കഴിയും എന്നും ഹസൻ ചോദിച്ചു. പ്രതിപക്ഷ നേതാവിനെ മാറ്റി നിർത്തിയത് പ്രതിഷേധാർഹമാണ്. ഉമ്മൻചാണ്ടിയുടെ കുഞ്ഞാണ് വിഴിഞ്ഞ പദ്ധതിയെന്നും. മന്ത്രിമാരും സിപിഎം നേതാക്കളും അവകാശപ്പെടുന്നത് യുഡിഎഫിന് പങ്കില്ലെന്നാണ്. എന്നാൽ ഉമ്മൻചാണ്ടി വിഷന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും കൊച്ചി മെട്രോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.