കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയില്‍. 18 ഉം 20 ഉം വയസുള്ള ഷിമാസ്, അരുൺ എന്നിവരാണ് അറസ്‌റ്റിലായത്. കൊല്ലം ഇരവിപുരം സ്വദേശിയാണ് അരുൺ, ഇരവിപുരം ചകിരിക്കട മുല്ലാക്ക തൈക്കാവിന് സമീപമാണ് പിടിയിലായ ഷിംനാസിന്‍റെ വീട്. പ്രതികൾ മുൻപും നിരവധി മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. വീടിനോട് ചേർന്ന് ഷെഡിൽ നിന്നാണ് പഴയ വസ്‌തുക്കൾ മോഷ്‌ടിച്ചത്. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി ഇരവിപുരം പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ പുറത്ത് പോയപ്പോഴാണ് മോഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികള്‍ സ്ഥിരം മോഷണം നടത്തിവരുന്ന ആളുകള്‍ ആണെന്ന് ഇരവിപുരം പൊലീസ് വ്യക്തമാക്കി. ഇവിടെ നിന്നും സാധനങ്ങള്‍ പലപ്പോഴായി മോഷ്‌ടിച്ചിട്ടുണ്ടെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
ഇരവിപുരം ഇൻസ്‌പെക്‌ടർ രാജീവിൻ്റെ നേത്യത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ ജയേഷ് സിപിഓ മാരായ അനീഷ്, സുമേഷ് എന്നിവരാണ് പ്രതികളെ പിടി കൂടിയത്. ആരോഗ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റെ ചെയ്‌തു.