എറണാകുളം: യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം പോസ്റ്റ്‌മോർട്ടം നടപടികൾ നീണ്ടതിനെ തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പൊതുദർശനം ഒഴിവാക്കി.
മഞ്ഞുമ്മലില്‍ നിര്‍മിച്ച തന്‍റെ സ്വപ്‌ന ഭവനത്തിലേക്ക് മൃതദേഹം എത്തിച്ചതോടെ നാടാകെ വിങ്ങിപ്പൊട്ടി. അലമുറയിട്ട് കരഞ്ഞ അമ്മയെയും സഹോദരിയെയും സാന്ത്വനിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും നിസഹായരായി. ബുധനാഴ്‌ച (ഏപ്രില്‍ 3) വൈകുന്നേരമെത്താമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ വിനോദിൻ്റെ ചേതനയറ്റ ശരീരം കണ്ടു നിൽക്കാനാവാതെ പൊട്ടിക്കരഞ്ഞ അമ്മയുടെ വേദന നാടിൻ്റെയാകെ വേദനയായി മാറി. മഞ്ഞുമ്മലില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമെല്ലാം ആയിരങ്ങളാണ് വിനോദിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
മന്ത്രി പി.രാജീവ് ഉൾപ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും മഞ്ഞുമ്മലിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. റെയിൽവേയിലെ സഹപ്രവർത്തകരും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരും കർത്തവ്യ നിർവഹണത്തിനിടെ ക്രൂരമായി കൊല ചെയ്യപ്പെട്ട സഹപ്രവര്‍ത്തകന് അന്തിമോപാചാരം അർപ്പിച്ചു. തുടര്‍ന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി എരൂർ പൊതു ശ്‌മശാനത്തില്‍ വിനോദിൻ്റെ മൃതദേഹം സംസ്‌കരിച്ചു.
പ്രതിയുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ്: വിനോദ് കൊലക്കേസിലെ പ്രതി രജനികാന്തയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
നാടിനെ നടുക്കിയ കൊലപാതകം: തൃശൂര്‍ വെളപ്പായയില്‍ വച്ച് ഇന്നലെയാണ് (ഏപ്രില്‍ 2) ടിടിഇ വിനോദിനെ എറണാകുളം പട്‌ന എക്‌സ്‌പ്രസിലെ യാത്രക്കാരന്‍ പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. കേസില്‍ ഒഡിഷ സ്വദേശിയായ രജനികാന്തയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5.30 ഓടെ എറണാകുളത്ത് നിന്നും യാത്ര തിരിച്ച ട്രെയിന്‍ 7 മണിയോടെയാണ് തൃശൂരില്‍ എത്തിയത്.
തൃശൂരില്‍ നിന്നാണ് വിനോദ് ട്രെയിനില്‍ ഡ്യൂട്ടിക്കായി കയറിയത്. എസ് പതിനൊന്ന് കോച്ചില്‍ കയറിയ വിനോദ് ടിക്കറ്റുകള്‍ പരിശോധിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് ടിക്കറ്റെടുക്കാതെ മദ്യപിച്ച് യാത്ര ചെയ്യുന്ന രജനികാന്തയെ കണ്ടത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വിനോദ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ പൊലീസില്‍ വിവരം അറിയിക്കുമെന്ന് പറഞ്ഞ വിനോദ് ഡോറിന് അരികെ ഫോണില്‍ സംസാരിച്ച് നില്‍ക്കവേയാണ് ഇയാള്‍ പുറത്തേക്ക് തള്ളിയിട്ടത്.
പുറത്തേക്ക് തെറിച്ച് വീണതോടെ തലയിടിച്ച വിനോദ് തത്‌ക്ഷണം മരിച്ചു. വിനോദിന്‍റെ കാലിലൂടെ തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോയ ട്രെയിന്‍ കയറിയിറങ്ങി. സംഭവത്തിന് പിന്നാലെ പ്രതിയെ ട്രെയിനിലെ മറ്റ് യാത്രക്കാര്‍ തടഞ്ഞ് വയ്‌ക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.