മലപ്പുറം : മലപ്പുറം വണ്ടൂരില്‍ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകൻ പൊലീസിന്‍റെ പിടിയിൽ (Son Got Arrested For Trying To Kill His Father ). നടുവത്ത് പൊട്ടിപ്പാറയിൽ താമസിക്കുന്ന സുദേവ് (34) ആണ് അറസ്‌റ്റിലായത്. പുന്നപ്പാല സർവീസ് സഹകരണ ബാങ്കിനു മുൻവശത്ത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അച്‌ഛനെ കാറിലെത്തിയ മകൻ ഇടിച്ചിടുകയായിരുന്നു.
നടുവത്ത് പൊട്ടിപ്പാറയിൽ താമസിക്കുന്ന നെല്ലേങ്ങര വാസുദേവനെയാണ് (65) കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാർ കാർ പിടികൂടുകയായിരുന്നു. ഇതിനിടയിൽ സുദേവ് റോഡരികിൽ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു. ഇയാളെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പരിക്കേറ്റ വാസുദേവൻ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അപകട നില തരണം ചെയ്തിട്ടുണ്ട്.